തിരുവന്തപുരത്തു മൂന്നു പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചതോടെ പൊതു ചടങ്ങുകൾക്കു നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ. ബീച്ചുകളും മാളുകളും അടയ്ക്കും. വിവാഹ ചടങ്ങുകൾക്കും ക്ഷേത്ര ഉത്സവങ്ങൾക്കും നിയന്ത്രണം വരും. ചടങ്ങുകൾ പത്തോ പതിനഞ്ചോ പേർ മാത്രം പങ്കെടുക്കുന്ന തരത്തിൽ പരിമിതപ്പെടുത്തണമെന്നു കലക്ടർ അഭ്യർഥിച്ചു. സമൂഹത്തിലെ മറ്റുള്ളവരെ രക്ഷിക്കുന്നതിന് ഇത്തരം നിയന്ത്രണം ആവശ്യമാണ്. ജിം, മസാജ് പാർലറുകൾ,ബ്യൂട്ടി പാർലർ തുടങ്ങിയവയ്ക്കു കർശന നിയന്ത്രണം ഏർപ്പെടുത്തും.
വിദേശത്തുനിന്നു എത്തിയവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നു കലക്ടർ ആഭ്യർഥിച്ചു. വീടുകളിലെ നിരീക്ഷണം പലരും പാലിക്കുന്നില്ല. ഓട്ടോയിലാണ് നിരീക്ഷണത്തിലുള്ള ഒരാൾ ആശുപത്രിയിലേക്കു വന്നത്. സർക്കാർ ഇറക്കിയ മാർഗ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നു കലക്ടർ പറഞ്ഞു . രോഗത്തെ പറ്റി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യവകുപ്പ് കേന്ദ്രത്തിൽ ബന്ധപ്പെടണം. ജനങ്ങൾ ആവശ്യമെങ്കിൽ മാത്രമേ വീടിനു പുറത്തു പോകാവൂ. വിദേശത്തുനിന്നു എത്തുന്നവർ 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. കഴിവതും ഒരു മുറിയിൽ തന്നെ കഴിയുക, അവർക്കുള്ള ഭക്ഷണം പുറത്തു വയ്ക്കണം. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ മുറിയുടെ വാതിൽ തുറക്കരുത്. ജനങ്ങളുടെ സുരക്ഷക്ക് തന്നെയാണ് ഈ കാര്യങ്ങൾ പറയുന്നത് കലക്ടർ പറഞ്ഞു.
പനി വരുന്നവരെല്ലാം ആശുപത്രികളിൽ എത്തേണ്ട കാര്യമില്ല. ആശുപത്രികളിൽ ഇത് വലിയ തിരക്കിനിടയാക്കും. സംശയം ഉണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെട്ടു വിവരം പറയണം. അവരുടെ നിർദേശം അനുസരിച്ചു പ്രവർത്തിക്കണം. ജില്ലയിൽ 10 ആശുപത്രികളിൽ കോവിഡ്–19 പരിശോധന നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്
വർക്കലയിലെത്തിയ ഇറ്റലിക്കാരൻ സഞ്ചരിച്ച റൂട്ട് മാപ്പ് പരിശോധിച്ചുവരികയാണ്. കൊറോണ പരിശോധനയ്ക്കായി ഇയാൾ പാരിപ്പള്ളിയിൽ പോയിട്ടുണ്ട്. പ്രാഥമിക നിഗമനം വർക്കല ടൗണിൽ പോയിട്ടില്ലന്നാണ് . ക്ഷേത്രത്തിൽ പോയതായി വിവരമുണ്ടെങ്കിലും സ്ഥീരീകരിച്ചിട്ടില്ല. ജില്ലയിൽ 18 പേർ ആശുപത്രികളിലും 231 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. 70 സാംപിളുകളുടെ റിസൾട്ട് കിട്ടാനുണ്ടെന്നും കലക്ടർ പറഞ്ഞു.

You must be logged in to post a comment Login