മലയാള ചലചിത്ര മേഖലയിലെ പ്രശസ്തനായ അഭിനേതാവായിരുന്നു വി. ഗോപിനാഥൻ നായർ എന്ന ഭരത് ഗോപി. 1937 നവംബർ എട്ടിന് ചിറയൻ കീഴിൽ കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലുമക്കളിൽ ഇളയവനായി ജനനം.പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയതിന് ശേഷം കേരളാ ഇലക്ട്രിസിറ്റി ബോർഡിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. ജോലിക്കായുള്ള ട്രെയിൻ യാത്രയിൽ വെച്ച് ജി ശങ്കരപ്പിള്ളയെ പരിചയപ്പെടുകയും അത് നാടകത്തിലേയ്ക്കുള്ള ആദ്യ ചുവടുവെയ്പ്പാവുകയും ചെയ്തു. നാടക രംഗത്ത് നിന്നും അടൂർ ഗോപാല കൃഷ്ണനുമായുള്ള പരിചയം ഗോപിയെ മലയാള ചലചിത്ര വിഹായസ്സിലേക്ക് എത്തിച്ചു, 1975 -ൽ അടൂരിന്റെ കൊടിയേറ്റം എന്ന ചിത്രത്തിൽ നായകനായി എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഭരത് അവാർഡ് ഗോപിയെ തേടിയെത്തി. തുടർന്ന് 1978, 82,83,85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകളും ഗോപി സ്വന്തമാക്കി. തന്റെ അഭിനയ ജിവിതത്തിന്റെ വസന്തകാലത്ത് തിളങ്ങി നിൽക്കുമ്പോൾ ആണ്1986 ൽ ഗോപി പക്ഷാഘാതം വന്ന് തളർന്നു പോകുന്നത്. അതിനു ശേഷം കുറച്ചു കാലം അഭിനയ ജീവതത്തിൽ നിന്നും വിട്ടു നിന്ന അദ്ദേഹം പാഥേയം എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. പിന്നീട് 2008 ജനുവരി 24 ന് ദേ ഇങ്ങോട്ട് നോക്കിയേ എന്ന ജയസൂര്യ ചിത്രത്തിന്റെ സെറ്റിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയും ആശുപത്രിയിലാവുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ജനുവരി 29 ന് മരണം സംഭവിച്ചു. പൂർണ ഔദ്ധ്യോഗിക ബഹുമതികളോടെ തൈക്കാട് ശ്മശാനത്തിൽ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടത്തി.

You must be logged in to post a comment Login