തിരുവനന്തപുരം: കാല്‍കഴുകല്‍ ശുശ്രൂഷയില്ലാതെ ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്‌മരണ പുതുക്കി ക്രൈസ്‌തവര്‍ ഇന്നലെ പെസഹ ആചരിച്ചു. ദേവാലയങ്ങളില്‍ നടന്ന പ്രാര്‍ത്ഥനകളില്‍ വൈദികരും ശുശ്രൂഷകരുമടക്കം അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുത്തില്ല. ചടങ്ങുകള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ തത്സമയം വിശ്വാസികള്‍ക്ക് കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അപ്പം മുറിക്കല്‍ ചടങ്ങ് വീടുകളില്‍ മാത്രമാണ് നടത്തിയത്.
മലങ്കര സഭയില്‍ രാവിലെ നടന്ന ദിവ്യബലിയോടെ ചടങ്ങുകള്‍ പൂത്തിയാക്കി. ലത്തീന്‍ സഭയില്‍ രാവിലെ ദിവ്യബലിയും ഉച്ചയ്‌ക്കുശേഷം പാദം കഴുകല്‍ ഒഴികെയുള്ള മറ്റു ചടങ്ങുകളും നടത്തി. യൂദാസ് ഒറ്റിക്കൊടുത്ത ക്രിസ്‌തുദേവനെ പീലാത്തോസിന്റെ സാന്നിദ്ധ്യത്തില്‍ വിചാരണ ചെയ്യുന്ന ചടങ്ങില്‍ രണ്ടു വീതം വൈദികരും വിശ്വാസികളും പങ്കെടുത്തു.
പാദം കഴുകല്‍ ശുശ്രൂഷയില്‍ 12 പേര്‍ പങ്കെടുക്കണമെന്നതിനാലാണ് അത് ഒഴിവാക്കിയത്. രാത്രിയില്‍ നടന്ന കുരിശ് ആരാധന കുടുംബ യൂണിറ്റുകളില്‍ നിന്നുള്ള നാലുപേരെ വീതം പങ്കെടുപ്പിച്ചാണ് നടത്തിയത്. അരമണിക്കൂര്‍ ഇടവിട്ട് നടത്തിയ കുരിശ് ആരാധന ഇന്നും തുടരും.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യവും, പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ്സ് ഹൗസ് ചാപ്പലില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും വെട്ടുകാട് പള്ളിയില്‍ ഫാ. ജോസഫ് ബാസ്റ്റിനും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കൊവിഡ് ബാധിതര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
ദുഃഖവെള്ളിയാഴ്ചയായ ഇന്ന് നടക്കേണ്ട കുരിശിന്റെ വഴി, ശനിയാഴ്ച നടക്കേണ്ട പുത്തന്‍വെള്ളം വെഞ്ചരിപ്പ് തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കി. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെയുള്ള കുര്‍ബാന അര്‍പ്പണവും അടച്ചിട്ട ദേവാലയങ്ങളിലായിരിക്കും നടക്കുക
ആയിര കണക്കിന് ക്രൈസ്തവ വിശ്വാസികൾ ആണ് ഓൺലൈൻ വഴിയും. ടി.വിയിലൂടെയും പീഡാനുഭവ ചടങ്ങുകൾ കണ്ടത്. ഇന്നലെ വീടുകളിൽ നടക്കുന്ന അപ്പം മുറിക്കൽ ശുശ്രൂഷകൾ എല്ലാം ലോക്ക് ഡൗൺ കാലത്തും മുടക്കമില്ലാതെ നടന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്രൈസ്തവർ ഇങ്ങനെയൊരു പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നത്. പീഡാനുഭവ ആഴ്ചയുടെ ഭാഗമായിട്ടുള്ള മലയാറ്റൂർ തീർഥാടനവും മാറ്റി വെച്ചിരുന്നു.

You must be logged in to post a comment Login