മൃഗശാലയിലെ കടുവക്കും കോവിഡ് -19 !

0
101

ന്യൂയോര്‍ക്ക്: ദിനംപ്രതി ആയിരങ്ങൾ ആണ് വൈറസ് ബാധ നിമിത്തം അമേരിക്കയിൽ മരിച്ചു വീഴുന്നത് .മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുകയാണ് .ബ്രോണ്‍ക്സ് മൃഗശാലയിലെ നാലുവയസ് പ്രായമായ നാദിയ എന്ന പേരുള്ള കടുവക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത് .ഇതാദ്യമായിട്ടാണ് മനുഷ്യരില്‍  നിന്നും മൃഗങ്ങളിലേക്ക് വൈറസ് പടരുന്നത്.

രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലാത്ത മൃഗശാല സൂക്ഷിപ്പുകാരനില്‍ നിന്നാണ് കടുവയ്ക്ക് വൈറസ് ബാധിച്ചതെന്നാണ് വിലയിരുത്തുന്നത്. മാര്‍ച്ച് 27നാണ് നാദിയ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് ക്രമാതീതമായി വര്‍ധിച്ചതോടെ മാര്‍ച്ച് 17മുതല്‍ മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടായിരുന്നില്ല.

നാദിയ പെണ്‍കടുവയാണ്. കടുവയ്ക്ക് അനുഭവപ്പെട്ട വരണ്ട ചുമയെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നാദിയയ്ക്കു പുറമെ മൂന്ന് കടുവകളിലും സിംഹങ്ങളിലും രോഗലക്ഷണങ്ങള്‍ കണ്ടതായി വന്യജീവി സംരക്ഷണ സൊസൈറ്റി അധികൃതര്‍ പറഞ്ഞു. നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നാദിയയെ എക്‌സ്- റേ, അള്‍ട്രാസൗണ്ട്, രക്തപരിശോധന എന്നിവയ്‌ക്കെല്ലാം വിധേയമാക്കി.

മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ ലോകത്തു തന്നെ വിരലിലെണ്ണാവുന്നത് മാത്രമാണ്. യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അഗ്രികള്‍ച്ചറിലാണ് നാദിയയുടെ സ്രവ പരിശോധന പൂര്‍ത്തിയായിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയില്‍ വൈറസ് വ്യാപനത്തിന് കാരണമായി കണക്കാക്കുന്നത് മൃഗങ്ങളെയല്ലെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ, ഹോങ്കോങ്കില്‍ ചില മൃഗങ്ങളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്..