ഡൗൺലോഡിങ്ങിൽ കുതിച്ച് ചാടി ടിക്ക് ടോക്ക് !

0
105

കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗൺ ഏറ്റവും കൂടുതൽ ഫലവത്തായത് സെക്കൻഡുകൾ നീണ്ട് നിൽക്കുന്ന കൗതുകമുണർത്തുന്ന വീഡിയോകൾ അവതരിപ്പിക്കുന്ന ചൈനീസ് ആപ്പായ ടിക് ടോക്കിനാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫേസ്ബുക്കിനേയും ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിനെയും ഏറെ പിന്നിലാക്കി ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന റെക്കോർഡ് നേട്ടമാണ് ടിക് ടോക്ക് നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ വർഷം ജനുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ടിക് ടോക്കിൻ്റെ ഡൗണ്‍ലോഡിങ്ങിൽ ഇരുപത് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ട് പറയുന്നത്. ഐഒഎസിലും ഗൂഗിൾ പ്ലേ പ്ലാറ്റ്ഫോമുകളിലും കൂടി ആകെ 49 മില്യൺ ഡൗൺലോഡുകളാണ് ആപ്പിന് ലഭിച്ചത്. ടിക് ടോക്കിന് പുറമെ വാട്സാപ്പ്, ഫേസ്‌ബുക്ക്, ഹലോ എന്നീ ആപ്ലിക്കേഷനുകളും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളിൽ മുന്നിലെത്തി.

ഹലോ ആപ്പും ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ഷോർട്ട് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനാണ്. ഫേസ്‌ബുക്കിന്റെ ഉടമസ്ഥതതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാം, ആലിബാബ ഗ്രൂപ്പിന്റെ വിമേറ്റ് എന്നിവയാണ് മാർച്ച് 22 ന് ആരംഭിച്ച ആഴ്ചയിൽ അവസാനം എത്തിയ ആപ്പുകൾ. ലോഞ്ച് ചെയ്തത് മുതൽ വിവാദങ്ങൾക്കൊപ്പമായിരുന്നു എന്നും ടിക് ടോക്ക്. ഏറെ വിവാദങ്ങൾക്ക് ശേഷവും ചൈനീസ് ടിക് ടോക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

പ്ലേ സ്റ്റോറുകളിൽ നിന്ന് ദിവസങ്ങളോളം ആപ്പ് നീക്കം ചെയ്യപ്പെട്ടെങ്കിലും തിരിച്ചുവരവിൽ വൻ മുന്നേറ്റമാണ് ടിക് ടോക്ക് കാഴ്ചവെച്ചത്. ഇന്ത്യയിൽ ടിക് ടോക്ക് ഇൻസ്റ്റാഗ്രാമിനെക്കാൾ മുന്നിലാണെന്ന് സക്കർബർഗ് തന്നെ അടുത്തിടെ പറഞ്ഞിരുന്നു. കൊറോണ വെെറസ് ആശങ്ക പടരുന്ന സാഹചര്യത്തിലും മികച്ച ഇടപെടലുകളാണ് ടിക് ടോക്കില്‍ നടക്കുന്നത്. ബോധവൽക്കരണത്തിനായി മന്ത്രിമാരും ആരോഗ്യ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ഗൗരവതരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വീഡിയോകള്‍ ടിക് ടോക്കില്‍ പങ്കുവെക്കുന്നുണ്ട്.

ഏഴ് വർഷം മാത്രം പ്രായമുള്ള ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസ് ആണ് ടിക് ടോക്കിന്റെ ഉടമ. 2018-ലാണ് ഇന്ത്യയിൽ ബൈറ്റ്ഡാൻസ് എത്തിയത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു ബില്യൺ ഡോളറാണ് കമ്പനി രാജ്യത്ത് നിക്ഷേപിക്കാനുദ്ദേശിക്കുന്നത്. വാർത്താ ആപ്ലിക്കേഷനുകൾ, വീഡിയോ കോൺഫറൻസിംഗ്, വിനോദ ആപ്ലിക്കേഷനുകൾ എന്നിവ ഉൾപ്പെടുന്ന ഡൗൺലോഡുകളുടെ വർദ്ധനവ് കണ്ട മറ്റ് ആപ്ലിക്കേഷൻ വിഭാഗങ്ങളും റിപ്പോർട്ടിലേക്ക് വരുന്നു. ഈ ലോക്ക്ഡൗൺ കാലയളവിൽ ടിൻഡർ, ബംബിൾ പോലുള്ള ഡേറ്റിംഗ് അപ്ലിക്കേഷനുകൾ ഡൗൺലോഡുകളിൽ ഒരു കുതിച്ചുചാട്ടവും കണ്ടില്ല എന്നതാണ് ശ്രദ്ധേയം. മാർച്ച് 29 ന് ടിൻഡർ അതിന്റെ ഏറ്റവും ഉയർന്ന സ്വൈപ്പുകൾ 3 ബില്ല്യൺ കടന്നതായി റിപ്പോർട്ട് ചെയ്തു.