‘ദയയും സൗഹൃദപരവുമായ’ ഒരു മുഖമുണ്ടോ? എങ്കിൽ നിങ്ങൾക്ക് കിട്ടും 1.5 കോടി രൂപ

0
146

റോബോട്ടിന് നിങ്ങളുടെ മുഖത്തിന്റെയും ശബ്ദത്തിന്റെയും പകർപ്പവകാശം നൽകാൻ നിങ്ങൾ തയ്യാറാണെങ്കിൽ, പ്രതിഫലമായി നിങ്ങൾക്ക് ലഭിക്കും 1.5 കോടി രൂപ. ടെക്ക് കമ്പനിയായ പ്രൊമോബോട്ട് ആണ് ഇത്രയും വലിയ ഓഫർ നൽകുന്നത്.

ടെക്ക് കമ്പനിയായ പ്രൊമോബോട്ട്, ഹോട്ടലുകളിലും ഷോപ്പിംഗ് മാളുകളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും ജോലി ചെയ്യാൻ മനുഷ്യരുടെ മുഖമുള്ള റോബോട്ടുകളെ ഉണ്ടാക്കാൻ ഒരുങ്ങുകയാണ്. ഇതിനായാണ് കമ്പനിക്ക് നിങ്ങളുടെ മുഖം ആവശ്യം. പക്ഷെ നിങ്ങളുടെ മുഖം ‘ദയയും സൗഹൃദപരവു’മായിരിക്കണം

25 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അതിനായി അപേക്ഷിക്കാം. എല്ലാ രാജ്യത്ത് നിന്നുള്ള ആളുകളെയും കമ്പനി പരിഗണിക്കുന്നുണ്ട്. താൽപ്പര്യമുള്ളവർ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അതിൽ കാണുന്ന ചോദ്യാവലി പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആളുകൾ റോബോട്ടിന്റെ ബാഹ്യ സവിശേഷതകൾക്കായി അവരുടെ മുഖത്തിന്റെയും ശരീരത്തിന്റെയും 3D മോഡൽ എടുത്ത് അയക്കുകയും വേണം.

കൂടാതെ, കുറഞ്ഞത് 100 മണിക്കൂർ നേരത്തെ സംഭാഷണം റെക്കോർഡ് ചെയ്ത് അയക്കുകയും വേണം. ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ റോബോട്ട് ആ ശബ്ദമായിരിക്കും ഉപയോഗിക്കുക.

തെരഞ്ഞടുക്കുന്ന അപേക്ഷകൻ തന്റെ രൂപം പരിധിയില്ലാത്ത കാലയളവിലേക്ക് ഉപയോഗിക്കാൻ അനുവാദം നൽകുന്ന ഒരു ലൈസൻസ് കരാറിൽ ഒപ്പിടേണ്ടിവരും. മനുഷ്യരുടെ മുഖം ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന റോബോട്ട് 2023 മുതൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

 

സ്നേഹ വിനോദ്