തുറമുഖ നിർമ്മാണ പ്രദേശത്തെ റോഡിലെ തടസ്സങ്ങളടക്കം നീക്കണമെന്ന ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്നാണ് കോടതി എടുത്തിട്ടുള്ള നിലപാട്. റോഡ് ഉപരോധത്തിന്റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സിംഗിൾ ബഞ്ച് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 1 നാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നായിരുന്നു കോടതി നിർദേശം.
വിഴിഞ്ഞം തുറമുഖത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായിരുന്നു. സമരത്തിന്റെ ദൃശ്യങ്ങൾ പകർത്തരുതെന്ന് ആവശ്യപ്പെട്ടാണ് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കല്ലേറിൽ ട്വന്റിഫോർ ന്യൂസിന്റെ ഡ്രൈവർ രാഹുലിന് പരുക്കേറ്റു. മീഡിയ വൺ ചാനലിന്റെ കാമറ പ്രതിഷേധക്കാർ തകർത്തു. സമരത്തിൻ്റെ നൂറാം ദിവസമായ ഇന്നലെയായിരുന്നു സംഭവം.
സംഭവത്തിൽ സമരസമിതി ഖേദം പ്രകടിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥനെന്ന് നടിച്ച് സ്ത്രീകളുടെ ഫോട്ടോ എടുത്തതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു. സംഘർഷത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
