യുവനിരയിലെ ശ്രദ്ധേയ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത് കാണാന്‍ ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുണ്ട്. അദ്ദേഹത്തിന്‍റെ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയാവാറുമുണ്ട്. യുവനിര സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നതായ വാര്‍ത്ത ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന സൂചന.
ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ നടക്കുമെന്ന് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ബിഗ് ബജറ്റ് പിരീഡ് ചിത്രം. മോഹന്‍ലാല്‍ ഒരു ഗുസ്‍തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്. ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും, എന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.
സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെയാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച പുതിയ അപ്ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സ്വീകരിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഹിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
