കപിൽ സിബൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചതിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. “അദ്ദേഹം നേരത്തെ തന്നെ പാർട്ടി അധ്യക്ഷന്‍ കത്ത് എഴുതിയിരുന്നു. കോൺഗ്രസിന്റെ മൂല്യങ്ങളിൽ താൻ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. അദ്ദേഹം മറ്റൊന്നും പറഞ്ഞില്ല. അദ്ദേഹം തന്റെ നിലപാട് പറയട്ടെ. അപ്പോൾ മറുപടി പറയാം. ഞങ്ങളുടെ പാർട്ടിയിലേക്ക് ആളുകൾ വരുന്നു, ചിലർ പോകുന്നു. ഇതൊരു വലിയ പാർട്ടിയാണ്. ചിലർ പാർട്ടി വിട്ടേക്കാം, ചിലർ മറ്റ് പാർട്ടികളിലേക്ക് പോയേക്കാം. പാർട്ടി വിട്ട ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. കോൺഗ്രസിന് വിശാലമായ ഇടമുണ്ട്- വേണുഗോപാൽ പറഞ്ഞു.
ഇന്ന് ഉച്ചക്കാണ് കപിൽ സിബൽ കോൺഗ്രസ് അംഗത്വം രാജിവച്ചത്. സമാജ്വാദി പാർട്ടി (എസ്പി) ടിക്കറ്റിൽ രാജ്യസഭയിലേക്ക് പത്രിക നൽകി. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തിയാണ് പത്രിക നൽകിയത്.കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ 23 നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍.സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നതെന്നും രാജ്യസഭയില്‍ സ്വതന്ത്ര ശബ്ദമാകാന്‍ ആഗ്രഹിക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.2017ല്‍ എസ്പിയില് കുടുംബകലഹം ഉണ്ടായപ്പോള്‍ സൈക്കില്‍ ചിഹ്നം നേടാന്‍ അഖിലേഷിനെ സഹായിച്ചത് കപില്‍ സിബല്‍ ആയിരുന്നു.
ഷിനോജ്