മനില: ഫിലിപ്പൈൻസിനെ ഭീതിയിലാഴ്ത്തി താൽ അഗ്നി പർവ്വതം തീ തുപ്പുന്നു. ഉടൻ വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിക്കാം എന്ന് റിപ്പോർട്ടുകൾ. ഫിലിപ്പൈൻസിൽ നിന്നും 60 കിലോമീറ്റർ മാറി ആണ് താൽ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. പർവ്വതത്തിൽ നിന്നും ലാവ ഒഴുകി തുടങ്ങിയപ്പോൾ ആണ് അധികൃതർ രാജ്യത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയത്. അഗ്നി പർവ്വതത്തിൽ നിന്നും 14 കിലോമീറ്റർ ദൂരത്തോളം ചാരം വമിച്ചിട്ടുണ്ട്. ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിൽ ലൂസോൺ ദ്വീപിലാണ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്. 5 ലക്ഷത്തോളം ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. എന്നാൽ അതിശക്തമായ പൊട്ടിത്തെറിയാണ് സംഭവിക്കാൻ പോവുന്നതെന്നും അഗ്നിപർവ്വതം ഇപ്പോൾ റീച്ചാർജിംഗ് അവസ്ഥയിൽ ആണുള്ളത് എന്നുമാണ് ശാസ്ത്രഞ്ജർ പറയുന്നത്. യുണൈറ്റഡ് നേഷൻസ് ഓഫീസ്, ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫിയേഴ്സ് അഗ്നിപർവ്വതത്തിന് ചുറ്റുമുള്ള സ്ഥലങ്ങളെ 2 സോണുകളായി തിരിച്ചിട്ടുണ്ട്. ഇതിൽ 14 കിലോമീറ്റർ ചുറ്റളവ് ഡെയ്ഞ്ചർ സോണായി കണക്കാക്കുന്നു. ഇവിടെ 5 ലക്ഷത്തോളം ആളുകൾ അധിവസിക്കുന്നുണ്ട്. 17 കിലോമീറ്റർ ചുറ്റളവിൽ ഉള്ള രണ്ടാം സോണിൽ 10 ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ട്. ഇതിൽ ഡെയ്ഞ്ചർ സോണിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.രണ്ടാം സോണിൽ താമസിക്കുന്നവരെക്കൂടി മാറ്റി പാർപ്പിക്കേണ്ടി വരും എന്നാണ് അധികൃതർ അറിയിച്ചത്. വീട് വൃത്തിയാക്കുവാനും വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നതിനുമായി ഇടക്ക് വീടുകളിൽ ആളുകൾ തിരിച്ചു വരുന്നതിനെ വിലക്കിയിട്ടുണ്ട്. അഗ്നി പർവ്വതത്തിൽ നിന്നും പുകയും ചാരവും ധാരാളമായി വരികയും സൾഫർ ഡൈ ഓക്സൈഡ് വമിക്കുകയും, മാഗ്മ കൂടുതലായി രൂപപ്പെടുകയും ചെയ്യുന്നുണ്ട്. നിരന്തരമായി ചെറു ഭൂചലനങ്ങളും അനുഭവപ്പെടുന്നുണ്ട്. രാജ്യത്ത് ആകെമാനം അപകടസാധ്യതയിലുള്ള 12 അഗ്നിപർവ്വതങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇതിൽ തന്നെ ഏറ്റവും ചെറിയ അഗ്നിപർവ്വതം ആണ് താൽ. അഗ്നിപർവ്വതത്തിന് മുകളിലുള്ള ആകാശത്ത് വൻ പുകപടലങ്ങളും മിന്നലുകളും നിറഞ്ഞ ഭീതികരമായ അവസ്ഥാവിശേഷമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. അതീവ ഗുരുതരമായ ലെവൽ 4 വാര്‍ണിംഗ് ആണ് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആൻഡ് സീസ്മോളജി പ്രഖ്യാപിച്ചിട്ടുള്ളത്.രാജ്യത്തെ വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. റെയിൽ ഗതാഗതവും നിർത്തി വച്ചിരിക്കുകയാണ്. ചാരം മൂടിയതിനാൽ പ്രധാന റോഡുകളിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ താൽ പൊട്ടിത്തെറിച്ചേക്കാം എന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്.

You must be logged in to post a comment Login