മകരത്തിൽ മരംകോച്ചും എന്നു പറയുന്നതൊക്കെ ഇപ്പോൾ പഴങ്കഥ. കേരളത്തിൽ റെക്കോർഡ് ചൂട്
ചരിത്രത്തിലെ ഏറ്റവും ചൂടിയേറിയ ശൈത്യകാലം ആണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ചൂട് 38 ഡിഗ്രി വരെ ഉയർന്നിരിക്കുകയാണ്. പൂനൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ ഗവേഷകനായ റോക്സിയാണ് ഇത് പറയുന്നത്. തിരുവല്ല മാർത്തോമ്മാ കോളേജിൽ സംഘടിപ്പിച്ച കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോക്ടർ റോക്സി. മകരത്തിൽ മരംകോച്ചും എന്നൊരു പഴമൊഴി തന്നെ നിലവിലുള്ള കേരളത്തിൽ അസാധാരണമായ ചൂടാണ് ഈ വർഷം അനുഭവപ്പെടുന്നത്. ആലപ്പുഴ, പത്തനംതിട്ട, പുനലൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ രാജ്യത്തെ തന്നെ ഏറ്റവും കൂടിയ താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറയുന്നു. വടക്കേ ഇന്ത്യയിലെ കാറ്റിന്റെ ഗതിയാണ് കേരളത്തിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. വേഗത്തിൽ ചൂടു പിടിക്കുന്ന അറബി കടലിലെ ഉയർന്ന താപനിലയാണ് മധ്യകേരളത്തിൽ താപനില ഉയരാൻ കാരണമായിരിക്കുന്നത്. കൂടാതെ ആഗോള താപനവും താപനിലയെ ബാധിക്കുന്നുണ്ട്. നഗരവത്കരണവും, വനനശീകരണവും, വാഹനങ്ങളുടെ എ.സി ഉപയോഗത്തിലുള്ള വർദ്ധനവും പ്രാദേശികമായ താപനിലയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ തന്നെ കൂടിയ താപനിലയായ 36.8 ഡിഗ്രി ചൂടും കുറഞ്ഞ താപനിലയാ 17.2 ഡിഗ്രി ചൂടും അടയാളപ്പെടുത്തിയത് പുനലൂരാണ്. ഇത് മരുഭൂമിവത്കരണത്തിന്റെ ലക്ഷണമാണെന്നാണ് ഗവേഷകർ പറയുന്നത്.

You must be logged in to post a comment Login