കനിവായി വീണ്ടും സുരേഷ് ഗോപിയുടെ കരങ്ങള്‍…; ഭിന്നശേഷിക്കാരന്റെ ബാങ്ക് വായ്പ അടച്ചു തീര്‍ത്തു

0
94

തനിക്കു മുന്നിലേയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച് എത്തുന്നവരെയും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരെയും സഹായിക്കാന്‍ മടികൂടാതെ മുന്നോട്ടെത്തുകയും നിരവധി കുടുംബജനങ്ങള്‍ക്ക് തണലേകുകയും ചെയ്യുന്നയാളാണ് താരങ്ങളില്‍ പ്രധാനിയായ  സുരേഷ് ഗോപി.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പു തന്നെ നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ‘വോട്ടിനു വേണ്ടി’ എന്ന ചീത്തപ്പേരും കേള്‍ക്കേണ്ടി വന്നിട്ടില്ല.

ഇക്കുറി, കനിവിന്റെ കരങ്ങളുമായി പുല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരന് ആശ്വാസം പകര്‍ന്നിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍.

പുല്ലൂറ്റ് സ്വദേശിയായ അനീഷിന് ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്നതിനായി ഫെഡറല്‍ ബാങ്കില്‍ നിന്നും രണ്ടരലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ അനീഷിന്റെ അക്കൗണ്ടിലേക്ക് വന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ തുക മുഴുവന്‍ ബാങ്ക് വായ്പയിലേക്കായി വരവു വെച്ചു. ഇക്കാര്യം ഫേസ്ബുക്കിലൂടെ അനീഷ് അറിയിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി ഇടപ്പെട്ടത്. അനീഷിന്റെ വായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും സുരേഷ് ഗോപി അടച്ചു തീര്‍ക്കുകയായിരുന്നു.

കേരളത്തില്‍ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള കാസര്‍ഗോഡ് ജില്ലയ്ക്ക് അടുത്തിടെ സുരേഷ് ഗോപി വെന്റിലേറ്റര്‍ നല്‍കുകയും ചെയ്തിരുന്നു. അച്ഛന്‍ ചെയ്യുന്ന പല നല്ല കാര്യങ്ങളും സംസാരിക്കപ്പെടാതെ പോകുന്നുവെന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.