ലോകമെമ്പാടും ഉള്ള മലയാളികള്‍ കൊറോണ ഭീതിക്കിടയില്‍ എങ്കിലും ഇന്ന് വിഷു ആഘോഷിക്കുകയാണ്. ഉള്ളില്‍ ജീവഭയമുണ്ടെങ്കിലും എങ്ങനെയാണ് ജീവിച്ചിരിക്കുമ്പോള്‍ വിഷു ആഘോഷിക്കാതിരിക്കുക.
അതുകൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്ന പോലെ വലിയ ആഘോഷങ്ങള്‍ ഉണ്ടാവെല്ലെങ്കിലും എല്ലാവരും അവരാല്‍ ആവുന്ന പോലെ വിഷു എന്ന പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്.
വിഷു ദിനത്തില്‍ പ്രിയപ്പെട്ടവന്‍ അടുത്തില്ലാത്ത സങ്കടം പങ്കു വയ്ക്കുകയാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയാ മേനോന്‍. കഴിഞ്ഞ വര്‍ഷം വിഷുവിനു എടുത്ത ഒരു ചിത്രവും അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്.
പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആയിരുന്നു അവിടെ നടന്ന വിഷു സദ്യയുടെ ചിത്രമാണ് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ…
”കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്. ഞങ്ങളെ ഞങ്ങളാക്കിത്തീര്‍ക്കാന്‍ സഹായിക്കുന്ന അനേകം കുടുംബങ്ങളുടെ ഒപ്പമാണ് അന്നത്തെ സദ്യ കഴിച്ചത്. ഈ വര്‍ഷം കൊറോണ വൈറസ്, ലോക്ക്‌ഡൌണ്‍ എന്നിവ കാരണം ലോകത്തിന്റെ പല കോണുകളില്‍പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല. പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം.”
ബ്ലെസി ചിത്രമായ ‘ആട് ജീവിതം’ ചിത്രീകരണവുമായി ബന്ധപ്പെട്ടു ജോര്‍ദാനിലാണ് പൃഥ്വിരാജ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അവിടെയും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അവിടെ കുടുങ്ങിയിരിക്കുകയാണ് പൃഥ്വിയും സംഘവും.

You must be logged in to post a comment Login