തമിഴ് താരം ഇളയദളപതി വിജയ്‌ക്കെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ നടപടിയിൽ ആരാധകരുടെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. താരത്തെ പിന്തുണച്ചുകൊണ്ട് ഹാഷ് ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിംഗ് ആകുകയാണ്. ബുധനാഴ്ച തന്നെ ആരാധകർ പിന്തുണ അറിയിച്ചു രംഗത്തു വന്നിരുന്നു. എന്നാൽ വ്യാഴാഴ്ചയോടെ WE STAND WITH THLAPATHY എന്ന ഹാഷ് ടാഗുമായി ട്വിറ്ററിലൂടെ അതിശക്തമായ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു ആരാധകവൃന്ദം. വിജയ് ചെയ്ത കുറ്റമെന്താണ് എന്ന വിശദീകരണം നൽകണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. അതോടൊപ്പം തന്നെ തങ്ങളുടെ ഇഷ്ട താരത്തിനു വേണ്ടി നിരവധി ട്രോളുകളും ഇറക്കുന്നുണ്ട് ആരാധകർ സോഷ്യൽ മീഡിയകളിലൂടെ എന്നതും കൗതുകമാകുന്നു. കേന്ദ്ര സർക്കാരിനെ പരിഹസിച്ചു കൊണ്ടുള്ള നിരവധി ട്രോൾ പോസ്റ്റുകൾ നവ മാധ്യമങ്ങളിൽ നിറയുകയാണ്. വിജയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് എന്നും ആരാധകർ പറയുന്നു. ഇതുവരെ വിജയ്ക്ക് അനുകൂലമായി നിലകൊണ്ട മാധ്യമങ്ങൾ ഇപ്പോൾ നിലപാടു മാറ്റിയിരിക്കുകയാണെന്നും ഇപ്പോൾ വിജയ്ക്ക് എതിരെയുള്ള നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പൊതുവെ ഒരു വിമർശനം ഉയർന്നിട്ടുണ്ട്. ഇതേ സമയം കേരളത്തിൽ നിന്നും വിജയ്ക്ക് അനുകൂലമായി ധാരാളം പോസ്സുകൾ സോഷ്യൽ മീഡിയകളിൽ കൂടി പുറത്തു വരുന്നുണ്ട്. ഇതും വിജയ് ആരാധകർ എടുത്തു കാട്ടുന്നു.

You must be logged in to post a comment Login