തൃശ്ശൂർ:കേരളം കഴിഞ്ഞ കുറെ ആഴ്ചകളായി കൊടും വേനലിനെയാണ് സാക്ഷ്യം വഹിച്ചത്. കോവിഡ് 19 കാലഘട്ടത്തിലും, ഉള്ളു പൊള്ളിച്ച വേനൽ ചൂടിന് ചെറിയ ഒരു ആശ്വാസമായി എത്തിയിരിക്കുകയാണ് വേനൽ മഴ. വേനൽ ചൂട് കടുക്കുന്നതോടെ പലയിടങ്ങളിലും വെള്ളം വറ്റുകയും, വരൾച്ചയും രൂക്ഷമായ ജലക്ഷാമവും അനുഭവപ്പെടുകയും ചെയ്തിരുന്നു.
നെല്ലിന് കതിരു വരും മുൻപ് വെള്ളം വറ്റിയതോടെ കർഷകരാണ് ഏറ്റവുമധികം വലഞ്ഞത്. എന്നാൽ അവർക്ക് ആശ്വാസമായി എത്തിയിരിക്കുകയാണ് ഇപ്പോഴത്തെ വേനൽമഴ.
കേരളം മഹാ പ്രളയ ദുരന്തം നേരിട്ടതിനുശേഷം പാടത്തെ വെള്ളക്കെട്ട് ഒഴിയാത്തതിനാൽ പല കർഷകരും വളരെ വൈകിയാണ് ഇത്തവണ കൃഷി ഇറക്കിയിട്ടുള്ളത്. എന്നാൽ മാർച്ച് പകുതി ആയപ്പോഴേക്കും തോട്ടിലെ വെള്ളം വറ്റിയതോടെ കർഷകർ വല്ലാതെ സമ്മർദ്ദത്തിലായി. തോട്ടിലെ വെള്ളം വറ്റുകയും, ജലക്ഷാമം മൂലം മറ്റ് സ്രോതസ്സുകളിൽ നിന്ന് വെള്ളം ലഭ്യമാകാതെ വരികയും ചെയ്തപ്പോൾ ബുദ്ധിമുട്ടിലായ കർഷകരുടെ മനസ്സിനെ തെല്ല് ആശ്വാസമാണ് രണ്ടു ദിവസമായി പെയ്യുന്ന വേനൽമഴ നൽകിയത്.
എന്നാൽ നേരത്തേ കൃഷി തുടങ്ങിയ ചിലയിടങ്ങളിൽ കൊയ്ത്തു നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് വേനൽമഴ എത്തിയത്. ഇത് പല കർഷകർക്കും വല്ലാത്ത ഒരു അടിയായി. പലയിടത്തും ഏക്കറുകണക്കിന് പാടത്തെ നെൽകൃഷി വെള്ളത്തിലായി. നെല്ല് വെള്ളത്തിൽ ആയതോടെ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തു നടക്കാത്ത സ്ഥിതിയിലായി. പലസ്ഥലത്തും പാടത്ത് വെള്ളം കെട്ടി കിടക്കുന്നതിനാൽ കൊയ്ത്തു യന്ത്രം ഇറക്കാൻ ആകാത്ത സാഹചര്യത്തിലാണ് കർഷകർ.
പലസ്ഥലങ്ങളിലും കൊയ്ത്ത് കഴിഞ്ഞെങ്കിലും, വൈക്കോലും മറ്റ് സാധനങ്ങളും പാടത്ത് കിടന്ന് നശിക്കുന്ന അവസ്ഥയിലാണ്. കൂടാതെ കൊയ്ത്തുകഴിഞ്ഞ ഇടങ്ങളിൽ കെട്ടിവെച്ച നൂറുകണക്കിന് ചാക്ക് നെല്ല് മഴയിൽ നനയുകയും ചെയ്തു. ചില കർഷകർക്ക് വേനൽമഴ ഒരു ആശ്വാസമായി എത്തിയെങ്കിലും മറ്റു പല കർഷകർക്കും വേനൽമഴ ഒരു തിരിച്ചടിയാണ് നൽകിയത്. കൃഷിനാശം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കൃഷിവകുപ്പ് തയ്യാറാകണമെന്ന് ജില്ലാ കോൾ കർഷക സംഘം പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login