ശക്തമായ മിന്നലേറ്റ് കാലില്‍ ദ്വാരം വീണു; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

0
93

ആര്യനാട്(തിരുവനന്തപുരം): ശക്തമായ മിന്നലേറ്റ് കാലില്‍ വെടിയുണ്ടയേറ്റതിന് സമാനമായ ദ്വാരം വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി(17)ക്കാണ് മിന്നലേറ്റത്. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് ഞായറാഴ്ച വൈകുന്നേരം അമ്പാടിക്ക് മിന്നലേല്‍ക്കുന്നത്. മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തു. ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിതുര ആശുപത്രിയിലേക്ക് മാറ്റി.

ഇടിമിന്നലില്‍ ഇത്തരത്തില്‍ മുറിവേല്‍ക്കുന്നത് അപൂര്‍വ സംഭവമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എസ് ബിനു-കെപി അനിത ദമ്പതികളുടെ മകനാണ് അമ്പാടി. ആര്യനാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ്.