തിരുവനന്തപുരം: ഒരു അടിയന്തിരഘട്ടത്തെ എങ്ങനെ അഭിമുഖീകരിക്കാമെന്നുള്ളതിന് മികച്ച ഉദാഹരണമാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിദേശരാജ്യങ്ങള്‍ പോലും കേരളത്തിന്റെ ആരോഗ്യമേഖലയെ ഇന്ന് പുകഴ്ത്തുന്നത് ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യമന്ത്രി കെകെ ശൈലജയുടേയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ ആരോഗ്യമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. സംവിധായകന്‍ സിദ്ദിഖും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അഭിനന്ദിച്ച് പോസ്റ്റ് ചെയ്തിരുന്നു.
ശൈലജ ടീച്ചര്‍ കേരളത്തിലെ ഫേളോറന്‍സ് നൈറ്റിംഗല്‍ ആണെന്നാണ് അദ്ദേഹം കുറിച്ചത്. ആതുര ശുശ്രൂഷാ രംഗത്തില്‍ ലോകത്തിനു മാതൃകയാകുകയും മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത നഴ്‌സ് ആണ് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍. ‘കേരളത്തിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍! നിരവധി പേര്‍ക്ക് പ്രചോദനമാണ് താങ്കള്‍. ജനങ്ങളെ രക്ഷിക്കാനുള്ള താങ്കളുടെ പരിശ്രമങ്ങള്‍ പ്രശംസാവഹമാണ്!’ കെകെ ശൈലജയുടെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.
‘വിളക്കേന്തിയ മാലാഖ’ എന്ന് അറിയപ്പെടുന്ന ഇവര്‍ ക്രിമിയന്‍ യുദ്ധകാലത്ത് പരുക്കേറ്റ പട്ടാളത്തിന് നല്‍കിയ പരിചരണത്തിലൂടെയാണ് പ്രശസ്തയാകുന്നത്. മികച്ച പ്രതികരണമാണ് പ്രിയദര്‍ശന്റെ പോസ്റ്റിന് ലഭിക്കുന്നത്. ഇതിനോടകം നിരവധി പ്രമുഖരാണ് മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ചൈനയില്‍ ഇത്‌പോലെ ഒരു പിണറായി വിജയനും കെ.കെ ശൈലജയും ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നാണ് സിദ്ദിഖ് കുറിച്ചത്.

You must be logged in to post a comment Login