ദുരൂഹ സാഹചര്യത്തിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ. തയ്യില്‍ കടപ്പുറത്തെ ശരണ്യ പ്രണവ് ദമ്പതികളുടെ മകനായ വിയാന്റെ മൃതദേഹമാണ് കടൽഭിത്തിക്കു സമീപം പാറക്കൂട്ടത്തിനിടയില്‍ നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ മുതലാണ് ഒരു വയസ് പ്രായമുള്ള വിയാനെ കാണാതായത്. ശരണ്യയ്ക്കൊപ്പം വെളുപ്പിന് മൂന്നുമണിവരെ കുട്ടിയുണ്ടായിരുന്നു. കുട്ടിയുടെ അച്ഛനായ പ്രണവാണ് കുഞ്ഞിനെ കാണാനില്ലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാവിലെ പതിനൊന്നോടെ വീടിനു സമീപം പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.
മൃതദേഹം കിട്ടിയ പാറക്കൂട്ടം വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ്, കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതിനാൽ
പോലീസ് കുഞ്ഞിന്റെ അച്ഛനേയും, അമ്മയേയും കസ്റ്റഡിയിലെടുത്ത് കണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുകയാണ്. ശരണ്യയും, പ്രണവും തമ്മിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
ശരണ്യക്കോ പ്രണവിനോ കുട്ടിയുടെ മരണവുമായി ബന്ധമുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. തുടർന്ന് ഫൊറന്‍സിക് വിദഗ്ധർ വീട്ടില്‍ പരിശോധന നടത്തി. വിയാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്

You must be logged in to post a comment Login