ചണ്ഡിഗഡ്: സ്‌കൂൾ വാൻ തീ പിടിച്ച് നാലുകുട്ടികൾ വെന്തുമരിച്ചു. പഞ്ചാബിലെ സാഗ്രുർ- ലോങ്ഗോവാളിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അപകടത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വാഹനം പൂർണ്ണമായി കത്തിനശിച്ചുവെന്നാണ് . ഏഴ് മുതൽ 12 വയസ് വരെയുള്ള കുട്ടികളാണ് മരിച്ചത്. സാഗ്രുറിലെ ഒരു സ്വകാര്യ സ്കൂൾ വാഹനമാണ് അപകടത്തിൽ പെട്ടത്. സംഭവം നടന്ന സമയം 12 വിദ്യാർഥികൾ വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. നാല് വിദ്യാർഥികൾക്ക് പൊള്ളലേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടമുണ്ടായത് സ്‌കൂളിന് സമീപത്ത് വെച്ചാണ്. വാഹനത്തിനു തീപിടിച്ചതായി ഒരു വഴിയാത്രക്കാരൻ അറിയിച്ചതോടെ ഡ്രൈവർ വാഹനം നിർത്തിയെങ്കിലും എല്ലാ കുട്ടികളെയും രക്ഷിക്കാൻ സാധിച്ചില്ല. വാഹനത്തിൻ്റെ വാതിലിൽ കുടുങ്ങിയ കുട്ടികളാണ് മരിച്ചത് .

You must be logged in to post a comment Login