ഓയിൽ പൈപ്പ് ലൈൻ സ്ഫോടനത്തെത്തുടർന്ന് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുർഹിദിംഗ് നദിയിൽ തീപിടിത്തമുണ്ടായി.
നദിയിൽ വെള്ളത്തിനടിയിലൂടെ കടന്നു പോകുന്ന ഓയിൽ പൈപ്പ് ലൈനിലുണ്ടായ ചോർച്ചയാണ് തീ പിടിക്കാൻ കാരണമായത് . ദിബ്രുഗഡ് ജില്ലയിലെ സസോണി ഗ്രാമത്തിനടുത്തുള്ള ബുർഹിദിംഗ് നദിയിലാണ് കഴിഞ്ഞ കുറച്ചു ദിവസമായി തീ കത്തി കൊണ്ടിരിക്കുന്നത്. നദിയിൽ തീ ആളിപടർന്നത് നാട്ടുകാരിൽ വൻ ഭീതി ഉണ്ടാക്കിയിരുന്നു. വൻ തോതിൽ തീയും പുകയും ഉയർന്നതോടെ തീ പടരുമോയെന്ന ആശങ്കയിലായിരുന്നു ഗ്രാമവാസികൾ . ഓയിൽ ഇന്ത്യ ലിമിറ്റഡിന്‍റെ ദുലിയാജൻ പ്ലാന്‍റിൽ നിന്നുള്ള ക്രൂഡ് ഓയിൽ നദിയുടെ അടിത്തട്ടിലെ പൈപ്പ് ലൈനുകളിലൂടെയാണ് കടന്നുപോകുന്നത്. ഇത് മനസിലാക്കിയ ചില അക്രമികൾ മനഃപൂർവം തീയിടുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത് . . പൈപ്പ് ലൈനുകളിൽ നിന്നുള്ള ചോർച്ച മൂലം തീപിടിത്തമുണ്ടാകുന്നതിന് കാരണം പലപ്പോഴും ക്രൂഡ് ഓയിൽ മോഷണമാണെന്ന് അധികൃതരും പറയുന്നു. പൈപ്പിൽ ചോർച്ചയുണ്ടാക്കി ഓയിൽ കടത്താൻ ശ്രമിക്കുന്നതാണ് പലപ്പോഴും തീപിടിത്തത്തിൽ കലാശിക്കുന്നത് അതേസമയം അധികൃതർ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നു അറിയിച്ചു.

You must be logged in to post a comment Login