കൊമ്പൻ മീശയും ഗൗരവമേറിയ മുഖവുമുള്ള തങ്ങളുടെ ഡി.ജി.പി.യുടെ ഉള്ളിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് കാക്കനാട് ജില്ലാ ജയിലിലെ ജീവനക്കാരും അന്തേവാസികളും.
ജില്ലാ ജയിലിലെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് ഋഷിരാജ് സിങ് ഗായകനായത്. ജയിൽ ജീവനക്കാരുടെയും അന്തേവാസികളുടെയും ഗാനമേള ട്രൂപ്പായ ‘കറക്ഷണൽ വോയ്സ്’ന്റെ ലോഗോ പ്രകാശനം കഴിഞ്ഞപ്പോൾ തൃക്കാക്കര നഗരസഭ കൗൺസിലർ ലിജി സുരേഷാണ് ഡിജിപി പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് ചന്ദന ലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ, എന്ന പാട്ടു പാടി ‘ജയിൽ മേധാവി ഋഷിരാജ് സിങ് താരമായപ്പോൾ കയ്യടിച്ചു താളം പകർന്നതു ജയിലിലെ അന്തേവാസികളാണ്. മൊബൈൽ ഫോൺ സ്ക്രീനിൽ തെളിഞ്ഞ വരികൾ ഈണം തെറ്റാതെ തെളിഞ്ഞ മലയാളത്തിൽ തന്നെ കോഡ്‍ലെസ് മൈക്കിലൂടെ അദ്ദേഹം പാടുകയുണ്ടായി . ബോംബെ രവിയുടെ ഈണങ്ങളോടുള്ള കമ്പമാണ് തന്നെ ‘ഒരു വടക്കൻ വീരഗാഥ’യിലെ പാട്ടിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് ജയിൽ വാസികൾ തുന്നുന്ന കുട്ടിയുടുപ്പുകളുടെ വിതരണം, ജയിൽ വളപ്പിലെ തേനീച്ച കൃഷി, കറ്റാർവാഴ കൃഷി, മത്സ്യക്കൃഷി യിൽ മത്സ്യകുഞ്ഞുങ്ങളെ ഇടുക, ജയിൽ കൗണ്ടറിലെ മിൽമ, സ്റ്റേഷനറി കൗണ്ടർ എന്നിവയുടെ ഉദ്ഘാടനവും ഋഷിരാജ് നിർവഹിച്ചു. ജയിലിലേക്കു സംഭാവനയായി ലഭിച്ച തയ്യൽ മെഷിനുകൾ,വാട്ടർ പ്യൂരിഫെയർ, ഫ്രിഡ്ജ്, ബനിയനുകൾ, കസേരകൾ, ഗാനമേള ട്രൂപ്പിനുള്ള ടാബ് തുടങ്ങിയവ ഏറ്റുവാങ്ങി. രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച ജയിൽ സൂപ്രണ്ട് കെ.വി.ജഗദീശനു ഡിജിപി ഉപഹാരം സമ്മാനിച്ചു. കേരളത്തിലെ ജയിലുകൾ തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്താണെന്നു അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login