അസ്വാദക മനസ്സിനെ ഈറനണിയിച്ചുകൊണ്ട് അനശ്വര സംഗീത സംവിധായകൻ എം.കെ അർജുനൻ മാസ്റ്റർ(84) വിടവാങ്ങി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പുലർച്ചെ 3 30 ന് കൊച്ചി പള്ളുരുത്തിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നിര്യാണത്തിൽ മുഖ്യമന്ത്രി അടക്കമുള്ള സിനിമ രാഷ്ട്രീയരംഗത്തെ പ്രവർത്തകർ അനുശോചനമറിയിച്ചു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ.
നാടകഗാനങ്ങൾ ഒരുക്കിക്കൊണ്ട് സംഗീതലോകത്തേക്ക് നടന്നുകയറിയ എം കെ അർജ്ജുനൻ എന്ന മലയാളികളുടെ അർജുനൻ മാസ്റ്റർ 1968-ലെ കറുത്ത പൗർണമി എന്ന ചലച്ചിത്രത്തിന് സംഗീതം നൽകി കൊണ്ടാണ് സിനിമയിൽ തുടക്കം കുറിച്ചത്. ജയരാജിന്റെ സംവിധാന മികവിലുള്ള ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് 2017ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു, തളിർ വലയോ താമര വലയോ, മാനത്തിൻ മുറ്റത്ത്, യദുകുല രതിദേവനെവിടെ, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, പാലരുവിക്കരയിൽ, ചെട്ടി കുളങ്ങര ഭരണി നാളിൽ, ചന്ദ്രോദയം കണ്ട് എന്നിങ്ങനെ നിരവധി ഹിറ്റ് ഗാനങ്ങളുടെ ഈണം നൽകിയിട്ടുണ്ട്.
1936 ആഗസ്റ്റ് 25 ന് ചിരട്ട പ്പാലത്ത് കൊച്ചു കുഞ്ഞിന്റേയും പാറുവിന്റെയും പതിനാല് മക്കളിൽ ഏറ്റവും ഇളയവനായി എം കെ അർജ്ജുനൻ ജനിച്ചു. സംഗീത പഠനം തുടരണമെന്ന മോഹം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഴിഞ്ഞില്ല. എങ്കിലും പല ഗുരുക്കന്മാരുടെയും കീഴിൽ തബലയും, വായ്പാട്ടും, ഹാർമോണിയവും അഭ്യസിച്ചു. ശേഷം ഹാർമോണിയം വായന തൊഴിൽ ആക്കി മാറ്റി. പിന്നീട് നാടകത്തിന് ഈണം പകരാൻ തുടങ്ങി. അങ്ങനെ ‘തമ്മിലടിച്ച തമ്പുരാക്കൾ’ എന്ന ഗാനത്തിന് ആദ്യമായി ഈണം പകർന്നു. നാടക രംഗത്ത് പ്രവർത്തിക്കവേ ദേവരാജൻ മാസ്റ്ററുമായുള്ള സൗഹൃദം അർജുനൻ മാസ്റ്റർക്ക് സിനിമയിലേക്കുള്ള അവസരം ഒരുക്കി. അങ്ങനെ 1968 ൽ ‘കറുത്ത പൗർണ്ണമി’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ മലയാള സിനിമ സംഗീത ചരിത്രത്തിൽ അർജുനൻ മാസ്റ്റർ ഇടം കുറിച്ചു. അങ്ങനെ കറുത്ത പൗർണ്ണമിയിൽ തുടങ്ങിയ ഗാനസഭര്യ, എണ്ണൂറിലധികം ഗാനങ്ങളുടെ ഈണമായി ഇനിയും മലയാളി മനസ്സുകളിൽ ജീവിക്കും.

You must be logged in to post a comment Login