പാലക്കാട് : ഏപ്രില്‍ ഒന്നു മുതല്‍ സൗജന്യ റേഷൻ അരി കിട്ടുമെന്നറിഞ്ഞ് കടുത്ത ചൂടിനെ പോലും അവഗണിച്ച് റേഷന്‍ കടകളിലെത്തിയവര്‍ വരി നിന്നത് വെറുതെയായി. മതിയായ അളവില്‍ വിതരണം ചെയ്യുന്നതിന് ഓരോ റേഷന്‍ കടയിലും അരി എത്തിക്കുന്നതില്‍ അധികൃതര്‍ക്ക് ഉണ്ടായ വീഴ്ചയാണ് ഇതിനു കാരണമായത്. ആദ്യദിവസം മുതല്‍ തന്നെ റേഷന്‍കടകളിലെത്തിയ മുഴുവന്‍ പേര്‍ക്കും അരി നല്‍കാന്‍ കഴിഞ്ഞില്ല. 170 റേഷന്‍ കടകളാണ് പാലക്കാട് താലൂക്കില്‍ ഉള്ളത്. ഇതില്‍ 70 ശതമാനം കടകളിലും അരി തീര്‍ന്നു. ഇന്നലെ വിതരണം നടത്തിയത് കഴിഞ്ഞമാസം 24, 25 തിയതികളിലായെത്തിച്ച അരിയാണ് . മിക്കകടകളിലും എത്തിച്ചിരുന്നത് 18-20 ക്വിന്റല്‍ അരിയാണ് . ഇത് ഒറ്റ ദിവസം കൊടുക്കാന്‍ പോലും തികഞ്ഞില്ല. കഞ്ചിക്കോട്ടെ ഗോഡൗണില്‍ നിന്നും ഒരു ദിവസം 20 ലോഡ് അരിയാണ് കയറ്റാനാവുകയെന്ന് റേഷന്‍ കട ഉടമകള്‍ പറയുന്നു. അങ്ങിനെ ആയാൽ പോലും താലൂക്കിലെ എല്ലാ കടകളിലും അരി എത്തിക്കാൻ ഒരാഴ്ചയെങ്കിലും സമയം വേണം. മുന്‍ ദിവസം അഞ്ച് ചാക്ക് അരി വിതരണം ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 60 ചാക്ക് അരിയാണ് വിതരണം ചെയ്യാൻ ആവശ്യമായിട്ടുള്ളത് . മഞ്ഞ കാര്‍ഡുകാര്‍ക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാലുകിലോ വീതം അരിയും ഒരു കിലോ വീതം ഗോതമ്പും വെള്ള, നീല കാര്‍ഡുകള്‍ക്ക് 15 കിലോ അരിയുമാണ് ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്നത്. കൊവിഡ്-19 പശ്ചാത്തലത്തില്‍ 15 കിലോ അരി സൗജന്യമാക്കിയതിനാല്‍ എപിഎല്‍ വിഭാഗത്തിലുള്ള ഭൂരിഭാഗം പേരും അരി വാങ്ങാനെത്തുന്നുണ്ട്. ഈ മാസം 20 വരെയാണ് സൗജന്യ റേഷന്‍ ലഭിക്കുക.

You must be logged in to post a comment Login