നടുറോഡിൽ സ്കൂട്ടർ യാത്രികന്റെ അഭ്യാസപ്രകടനം; അലക്ഷ്യമായി വാഹനങ്ങൾ മറികടന്ന യുവാവ് ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടു

0
98

 

 

പാലക്കാട്: പാലക്കാട് നഗരത്തിൽ നടുറോഡിൽ സ്കൂട്ടര്‍ യാത്രികന്റെ അഭ്യാസ പ്രകടനം. അലക്ഷ്യമായി വാഹനങ്ങൾ മറികടന്ന യുവാവ് ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

സംഭവത്തിൽ പരുത്തുപ്പുള്ളി സ്വദേശി ആദര്‍ശിനെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. ആദർശിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ നടപടി സ്വീകരിയ്ക്കുമെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് നഗരത്തിൽ യുവാവിന്റെ അഭ്യാസ പ്രകടനം. പാലക്കാട് നഗരത്തിലെ എസ്.ബി.ഐ ജംഗ്ഷനില്‍ വച്ചാണ് യുവാവ് യുവതിയെ ഇടിച്ചിട്ടത്. പിന്നിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ യുവതി വലിയ ദുരന്തത്തിൽ നിന്നും രക്ഷപെടുകയായിരുന്നു.

സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടെന്ന് മനസിലായിട്ടും ഇയാൾ വാഹനം നിര്‍ത്തിയില്ല. അപകടകരമായി യുവാവ് വാഹനം ഓടിക്കുന്നത് കണ്ട ഒരു കാർ യാത്രികനാണ് ഇയാളുടെ ദൃശ്യങ്ങൾ പകര്‍ത്തിയത്.

ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അപകടമുണ്ടാക്കിയ യുവാവിനെ തേടി ട്രാഫിക് പൊലീസ് ഇറങ്ങിയത്. പിന്നാലെ ആദർശിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു.