Connect with us

    Hi, what are you looking for?

    പ്രിയങ്കയുടെ കണ്ണുകൾക്കും ശബ്ദത്തിനും ഇന്ദിര ഗാന്ധിയുടെ അതേ തീക്ഷ്ണതയെന്ന് ശിവസേന

    കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് മുത്തശ്ശി ഇന്ദിര ഗാന്ധിയുടെ അതേ തീക്ഷ്ണതയെന്നു ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംനയിലാണ് പ്രിയങ്കയെ ഇന്ദിരയുമായി താരതമ്യം ചെയ്തിരിക്കുന്നത്. ലഖിംപുരിൽ കർഷക പ്രതിഷേധത്തിനിടെയിലേക്കു മന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ശ്രമിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ശിവസേന ബിജെപിയെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. തീക്ഷ്ണ സ്വഭാവമുള്ള നേതാവും പോരാളിയുമാണ് പ്രിയങ്ക. പ്രിയങ്കയുടെ കണ്ണുകൾക്കും ശബ്ദത്തിനും ഇന്ദിര ഗാന്ധിയുടെ അതേ തീക്ഷ്ണതയാണുള്ളത്’– ലേഖനത്തിൽ പറയുന്നു. അതേസമയം, മഹാരാഷ്ട്രയിലെ ബിജെപിയുടെ ഏതെങ്കിലും വനിതാ പ്രവർത്തകയ്ക്കാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത് എങ്കിൽ വനിതാ വൊളന്റീയർമാരെ പാർട്ടി കൂട്ടത്തോടെ രംഗത്തിറക്കിയേനെ എന്നും ലേഖനത്തിൽ പറയുന്നു. വനിതകള്‍ ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങളിൽ ബിജെപിക്ക് അവരുടേതായ വിശദീകരണങ്ങളാണുള്ളത്. ഇന്ദിരയുടെ ചെറുമകൾക്ക് ഉണ്ടായ അക്രമം ഇതിൽപ്പെടില്ലെന്നും ലേഖനത്തിൽ പറയുന്നു.

    ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ എന്നതുപോലയുള്ള ശത്രുത രാജ്യത്തു നിലനിൽക്കുന്നുണ്ടോയെന്നും മുഖപ്രസംഗത്തിൽ ചോദ്യമുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഭ് ബാഗെൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി എന്നിവർക്കു ലഖിംപുരിലേക്കു പ്രവേശനം നിഷേധിച്ചത് രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥയിലെ ‘വിചിത്രമായ’ സംഭവമാണെന്നും ശിവസേന മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിൽ പറയുന്നു. കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണു പ്രിയങ്ക. അതുകൊണ്ടുതന്നെ, പ്രിയങ്കയ്ക്കെതിരെ രാഷ്ട്രീയ ആക്രമണം ഉണ്ടാകാം. അതേസമയം, രാജ്യത്തിനായി പല ത്യാഗങ്ങളും ചെയ്യുകയും പാക്കിസ്ഥാനെ വിഭജിച്ചു ബംഗ്ലദേശ് ആക്കുകയും ചെയ്ത ആളായ ഇന്ദിരയുടെ ചെറുമകളാണു പ്രിയങ്ക. പ്രിയങ്കയെ അന്യായമായി തടവിൽവച്ചിരിക്കുന്നവർ ഇക്കാര്യം ഓർക്കണം.- ശിവസേന നിലപാട് വ്യക്തമാക്കി.

    ഷിനോജ്