സ്വകാര്യ ബസ് സമരം മാറ്റിവെച്ചു !

0
110

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ​ഗതാ​ഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ബസ് ഉടമകളുമായി ചർച്ച നടത്തിയതിന്റെ ഫലമായാണ് സമരം മാറ്റിവെക്കാനുള്ള തീരുമാനം ഉണ്ടായത്. ചാർജ്ജ് വർദ്ധനവ് എന്ന ആവശ്യം മുന്നോട്ട് വച്ചു കൊണ്ടായിരുന്നു ബസ് ഉടമകൾ സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേയ്ക്ക് സമരം പ്രഖ്യാപിച്ചിരുന്നത്. മിനിമം ചാർജ് എട്ടു രൂപയില്‍ നിന്നും പത്തു രൂപയാക്കുക. വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് നിലവിലുള്ള ഒരു രൂപയിൽ നിന്നും അഞ്ചു രൂപയായി ഉയർത്തുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ. റൂട്ട് നടത്തിപ്പിനുള്ള ചിലവ് ഉയർന്നതുമൂലം ബസ് സർവ്വീസുകൾ എല്ലാം നഷ്ടത്തിലാണെന്നും, കഴിഞ്ഞ ഒരു വർഷത്തിനകം മൂവായിരത്തിലധികം ബസുകളുടെ സർവ്വീസ് നിര്‍ത്തണ്ടതായി  വന്നു എന്നും സ്വകാര്യ ബസ് ഉടമകൾ പറയുന്നു. മിനിമം ചാർജ്ജ് ഉയർത്തണമെന്ന ആവശ്യം പരി​ഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ ഫെബ്രുവരി 20 നകം ആവശ്യം നടപ്പിലായില്ലെങ്കിൽ 21 മുതൽ സമരം ആരംഭിക്കുമെന്ന് ബസ് ഉടമകൾ പറഞ്ഞു.