ഗര്‍ഭിണിയായാല്‍ പിന്നെ പ്രസവത്തെക്കുറിച്ചാണ് പേടി മുഴുവനും. പ്രസവവേദനയെക്കുറിച്ചും മറ്റും. ഭയത്തെ ഇല്ലാതാക്കാനുള്ള നല്ല വഴിഭയപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കുകയാണ്. പ്രസവത്തിന്റെ വിവിധ വശങ്ങള്‍, ശസ്ത്രക്രിയ ഉണ്ടെങ്കില്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍, ലേബര്‍ റൂമിലെ ഉപകരണങ്ങളുടെ ഉപയോഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
പ്രസവവേദന വരുന്നതും കാത്തിരിക്കരുത്. പലരും ഉത്കണ്ഠാകുലരായി കിടക്കുകയാണ് പതിവ്. മറ്റുള്ളവരോട് സംസാരിക്കുകയും മുറിയില്‍ നടക്കുകയും ചെയ്യണം. ഇത് പ്രസവവേദന എളുപ്പം വരാന്‍ സഹായിക്കും. ലേബര്‍ റൂമില്‍ ഭര്‍ത്താവും ഉണ്ടാവുന്നത് ഇപ്പോള്‍ സാധാരണമാണ്. അത് സ്ത്രീക്ക് മാനസികപിന്തുണ നല്‍കും.
ഗര്‍ഭകാലത്ത് സ്ത്രീക്ക് സന്തോഷം നല്‍കാന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭര്‍ത്താവിന്റെ ശ്രദ്ധയും പരിചരണവും അവര്‍ പ്രത്യേകം ആഗ്രഹിക്കുന്ന സമയമാണിത്.
പ്രഗ്‌നന്‍സി ഫാഷന്‍
സ്റ്റൈലിഷ് ആയ വസ്ത്രധാരണം ഗര്‍ഭകാലത്തും സാധിക്കും. നല്ല ഷെയ്പ്പുള്ള കുര്‍ത്തകളും ടോപ്പുകളും ട്യൂണിക്കുകളും ഗര്‍ഭിണികള്‍ക്ക് ഉപയോഗിക്കാം. വയറില്‍ മുറുകാതെ നില്‍ക്കുന്ന സ്‌ട്രെച്ച് ജീന്‍സ് നല്ലത്. ഒഴുകിക്കിടക്കുന്ന ജോര്‍ജറ്റ്, ഷിഫോണ്‍ തുണിത്തരങ്ങള്‍ ഭംഗി നല്‍കും. ശരീരത്തിന് സുഖകരം കോട്ടണ്‍, ബനിയന്‍ തുണിത്തരങ്ങളാണ്. പലതരം ഫ്രോക്കുകള്‍ പ്രെഗ്‌നന്‍സി ഫാഷനില്‍ വരുന്നു. ടോപ്പും ലെഗ്ഗിന്‍സും നല്ലത്.
വാട്ടര്‍ ബര്‍ത്ത് കേരളത്തിലും
കേരളത്തില്‍ പിറന്ന ആദ്യത്തെ ‘വാട്ടര്‍ ബേബി’ ആണ് ജാന്‍വി. മാവേലിക്കര സ്വദേശികളായ ഹണി-സോണി ദമ്പതികളുടെ കുഞ്ഞ്. കഴിഞ്ഞ ജനവരി എട്ടിന് എറണാകുളം പി.വി.എസ് ആശുപത്രിയില്‍ വാട്ടര്‍ബര്‍ത്തിലൂടെയാണ് ജാന്‍വി ജനിച്ചത്.
പലതരം പ്രസവ രീതികളില്‍ ഒന്നാണ് വാട്ടര്‍ ബര്‍ത്ത്. ശരീരോഷ്മാവിന് തുല്യമായ ചൂടില്‍ ശുദ്ധീകരിച്ച ജലം നിറച്ച ഒരു മിനി സ്വിമ്മിങ് പൂളിലാണ് പ്രസവം നടക്കുന്നത്. വെള്ളത്തില്‍ ഗര്‍ഭിണിയ്ക്ക് ഇഷ്ടംപോലെ ചലിയ്ക്കാന്‍ സാധിക്കുന്നു. തീരെ സ്ട്രസ്സ് ഇല്ലാതെ വരുന്നതിനാല്‍ പ്രസവം എളുപ്പമാവുന്നു. ഗര്‍ഭാവസ്ഥയില്‍ ഫ്ലയിഡിനകത്ത് കഴിയുന്നതിനാല്‍ ശിശുവിനും ജലത്തിലേക്കുള്ള പിറവി സുഖകരമാവുന്നു. ജനിച്ച ഉടന്‍ കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് മാറ്റുന്നു. വാട്ടര്‍ബര്‍ത്തിന് തയ്യാറെടുക്കുന്ന ഗര്‍ഭിണി ആരോഗ്യവതിയായിരിക്കണം എന്നത് പ്രധാനം. കൂടാതെ ഈ രീതിയില്‍ താത്പര്യവും വേണം, ഗൈനക്കോളജിസ്റ്റ് ഡോ. അഗത മോണിസ് പറയുന്നു. വിദഗ്ധരുടെ സഹായത്തോടെ നടക്കുന്ന വാട്ടര്‍ബര്‍ത്തിന് ചെലവ് 35,000 രൂപയ്ക്ക് മുകളിലാണ്.
അമ്മയാകാന്‍ തയ്യാറെടുക്കുകയാണോ നിങ്ങള്‍? എങ്കില്‍ സംശയങ്ങളും വേവലാതികളും അനേകമുണ്ടാകും. ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി എന്ത് ചെയ്യണം? എന്ത് കഴിക്കണം? എങ്ങിനെ കിടക്കണം? ഇതൊക്കെയാവും നിങ്ങളുടെ മനസ്സില്‍. എന്നാല്‍, ഗര്‍ഭകാലത്തെ ദന്തസംരക്ഷണത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, അറിഞ്ഞോളൂ, ഗര്‍ഭകാലത്തെ ദന്തസംരക്ഷണം ആരോഗ്യകരവും സന്തോഷകരവുമായ ഗര്‍ഭകാലത്തിനു അത്യന്താപേക്ഷിതമാണ്.
നാഡികളും സിരകളും ധമനികളും അടങ്ങുന്ന ഒരു ശരീരഭാഗം തന്നെയാണ് പല്ലുകള്‍. അതുകൊണ്ട് തന്നെ മറ്റേതു ശരീരഭാഗത്തിനും കൊടുക്കുന്ന അതേ പ്രാധാന്യവും കരുതലും ഇവയ്ക്കും ആവശ്യമാണ്.
നിങ്ങളുടെ ആരോഗ്യത്തിനു മാത്രമല്ല നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും ദന്തരോഗങ്ങള്‍ ഭീഷണിയാണ്. ഗുരുതരമായ മോണരോഗങ്ങള്‍ ഉള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക് പ്രിമച്വര്‍ ബര്‍ത്ത് അഥവാ അകാല പിറവി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, കുഞ്ഞുങ്ങളുടെ തൂക്കക്കുറവിനും മോണരോഗങ്ങള്‍ കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
രോഗാണുക്കള്‍ രക്തത്തില്‍ കലരുകയും അവ പുറപ്പെടുവിക്കുന്ന എന്‌ടോ ടോക്‌സിനുകള്‍ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും ചെയ്യും. മോണവീക്കവും മോണരോഗങ്ങളും ചികിത്സിക്കതെയിരുന്നാല്‍ ക്രമേണ അവ ഗുരുതരമായി ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, അസ്ഥികള്‍ തുടങ്ങിയവയെ ബാധിച്ചേക്കാം.

You must be logged in to post a comment Login