കര്‍ഷകരെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ബോധിപ്പിക്കുന്ന തരത്തില്‍ വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന ഒരു സന്ദേശമാണ് ഇത്. കര്‍ഷകനെ സഹായിക്കാനെന്ന പേരില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങള്‍ ശരിക്കും കര്‍ഷകനെ സഹായിക്കാന്‍ തന്നെയുള്ളതാണോ എന്നതാണ് പോസ്റ്റില്‍ പറയുന്നത്.
പ്രിയ കര്‍ഷകരേ….
നിങ്ങളെ സഹായിക്കാനെന്ന പേരില്‍ കൃഷി-മൃഗസംരക്ഷണ വകുപ്പുകളിലായി 17309 ജീവനക്കാരാണ് ഉള്ളത്. അതിന്റെ ഇരട്ടി ജീവനക്കാര്‍ കൃഷി വകുപ്പിന് കീഴിലെ താഴെ പറയുന്ന വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍,ഈ സ്ഥാപനങ്ങളില്‍ നിന്ന് എന്തെങ്കിലും ഉപകാരം കേരളത്തിലെ കര്‍ഷകര്‍ക്ക് ഇന്നു വരെ ലഭിച്ചിട്ടുണ്ടോ?
ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവരം കര്‍ഷകന് അറിയുമോ? ജനത്തിന്റെ നികുതി പണത്തില്‍ ഇത്രയും സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിക്കുന്ന വിവരം കേരളത്തിലെ കൃഷി വകുപ്പ് മന്ത്രിക്ക് അറിയുമോ എന്നത് തന്നെ സംശയമാണ്.
ഇടത്-വലത് മുന്നണികള്‍ കാലാകാലങ്ങളില്‍ ഭരണത്തില്‍ വരുമ്പോള്‍ മുന്നണിക്കകത്തെ ഘടകക്ഷികളെ തൃപ്തിപ്പെടുത്തി മുന്നണി സമവാക്യങ്ങള്‍ സംതുലനം ചെയ്യാനായി ഉണ്ടാക്കിയ ബോര്‍ഡുകളും കോര്‍പ്പറേഷനുകളുമാണ് ഇതില്‍ ഭൂരിപക്ഷവും.
കേരളത്തിലെ ഭക്ഷ്യ സ്വയം പര്യാപ്തത എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് 1987 ല്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
1.ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, .സ്റ്റേറ്റ് ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍, കിസാന്‍ കേരള പ്രൊജക്റ്റ്, കേരള സ്റ്റേറ്റ് സീഡ് ഡവലപ്‌മെന്റ് അതോറിറ്റി, ഡബ്ലു.എച്ച്.ഒ. സെല്‍, .അടയ്ക്കാ- സുഗന്ധവിള വികസന ഡയറക്റ്ററേറ്റ്, കശുവണ്ടി – കൊക്കോ വികസന ഡയറക്റ്ററേറ്റ്, എഫ്.എ.സി.ടി എന്നിങ്ങനെ നൂറോളം കൃഷി സൗഹൃദ സ്ഥാപനങ്ങള്‍ നമുക്കുണ്ട്. ഇവയെല്ലാം ആര്‍ക്ക് വേണ്ടി…? എന്തിന് വേണ്ടി…?
കൃഷിയിറക്കാന്‍ സമയമാവുമ്പോള്‍ ആധാരമോ കെട്ടുതാലിയോ പണയപ്പെടുത്തിയും കന്നുകാലിയെ വിറ്റും നാട്ടിലെ വട്ടിപ്പലിശക്കാരനില്‍ നിന്നോ തമിഴനില്‍ നിന്നോ കടം വാങ്ങി കൃഷി ചെയ്ത് കാട്ടുമൃഗങ്ങളെയും വരള്‍ച്ചയെയും പേമാരിയെയും പ്രതിരോധിച്ച് മണ്ണില്‍ വിളയിച്ച സ്വര്‍ണ്ണം വെള്ളിക്കടയില്‍ ചെമ്പിന്റെ വിലയ്ക്ക് വില്‍ക്കുവാന്‍ വിധിക്കപ്പെട്ടപ്പോള്‍ കര്‍ഷകന് ഒരു താങ്ങാവാന്‍ ഇവരുടെ ആരുടേയും സഹായം ഉണ്ടായിട്ടില്ല.
ഇനിയെങ്കിലും ചിന്തിക്കുക. ചക്കില്‍ കെട്ടിയ കാളയെ പോലെ കളയാനുള്ളതല്ല നിന്റെ ജീവിതം.
രാവും പകലും വ്യത്യാസമില്ലാതെ മഴയും വെയിലും പരിഗണിക്കാതെ പാടത്തും പറമ്പത്തും പണിത് അന്നമുണ്ടാക്കിയാല്‍ അത് സംഭരിക്കാന്‍ ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും കാല് പിടിക്കേണ്ടി വരുന്ന നിന്റെ ഗതികേട്. നിന്റെ കൃഷിയിടത്തില്‍ നീ ഇന്ന് വരെ കണ്ടിട്ടില്ലാത്ത നിന്റെ കൃഷിക്ക് രോഗങ്ങള്‍ വന്നപ്പോള്‍ ഒരു മരുന്ന് കുറിച്ച് തരാന്‍ കഴിയാത്ത കൃഷി ഓഫീസര്‍ക്ക് നിന്റെ പേരില്‍ ലക്ഷങ്ങള്‍ ശമ്പളം. പിരിയുമ്പോള്‍ നിന്റെ പേരില്‍ 25 ലക്ഷം മുതല്‍ ഒരു കോടി വരെ വിരമിക്കല്‍ ആനുകൂല്യവും പ്രതിമാസം 40,000 രൂപ മുതല്‍ പെന്‍ഷനും.
നീ ചിന്തിക്കുക പ്രിയ കര്‍ഷകാ, നീ ആരാണെന്ന്.

You must be logged in to post a comment Login