നടുറോഡില്‍ ‘കൊറോണ വേഷ’ത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍; ഇത് വ്യത്യസ്തമായൊരു ബോധവത്കരണം

0
108

സൂറത്ത്: ലോകമാകെ കൊറോണ വൈറസ് ഭീതിയിലാണ്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കാര്യങ്ങള്‍ കടുത്ത ജാഗ്രതയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും ലോക്ക് ഡൗണിന്റെ ഗൗരവം മനസ്സിലാകാത്ത ചിലരെങ്കിലും ഇപ്പോഴും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നുണ്ട്. അത്തരക്കാരെ ബോധവത്കരിക്കാനായി വ്യത്യസ്തമായ ഒരു നീക്കവുമായി റോഡിലിറങ്ങിയിരിക്കുകയാണ് സൂറത്തിലെ മഹുവായിലെ പൊലീസ് ഉദ്യോഗസ്ഥര്‍.

ഇതിനായി കൊറോണ വൈറസിന്റെ വേഷം ധരിച്ചാണ് സൂറത്തിലെ പോലീസുകാര്‍ നിരത്തിലിറങ്ങിയിരിക്കുന്നത്. റോഡില്‍ കാണുന്ന ജനങ്ങളോട് അടച്ചുപൂട്ടി വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാമൂഹിക അകലം പാലിക്കേണ്ടതിനെ കുറിച്ചും ഇവര്‍ സംസാരിക്കുന്നുമുണ്ട്.

ശിക്ഷാ നടപടികള്‍ക്ക് ഒരിടവേള നല്‍കി ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഈ വ്യത്യസ്ത നീക്കമെന്നും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സാധ്യമായ ഇടങ്ങളിലെല്ലാം എത്തി ബോധവത്കരണം നടത്താനാണ് തീരുമാനമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അടച്ചുപൂട്ടി വീട്ടിലിരുന്ന് സാമൂഹിക അകലം പാലിക്കുന്നതിലൂടെ മാത്രമേ കൊവിഡ് 19 ബാധയില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കൂ. അതിനാല്‍ തന്നെ പുറത്തിറങ്ങുന്നവരെ വിവിധ ഇടങ്ങളിലെ പോലീസ് കടുത്ത നടപടികളിലൂടെ തന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 4000 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 4298 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 109 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 12 മണിക്കൂറിനിടെ 26 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 647 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. തമിഴ്നാട്ടില്‍ 558, ദല്‍ഹിയില്‍ 480, തെലങ്കാനയില്‍ 290, കേരളം 256 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

ഇതിനിടെ, ധാരാവിയ്ക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.