പോലീസ് പരിശോധനയ്ക്കിടെ ‘ബ്ലാക്ക്മാൻ’ ഓടി രക്ഷപ്പെട്ടു

0
157

കൊച്ചി: പൊലീസ് പരിശോധനയ്ക്കിടെ പിടിയിലാകുമ്പോൾ രക്ഷപ്പെടാന്‍ പല നുണകളും ആളുകള്‍ പറയാറുണ്ട് . ഇന്നലെ മൂവാറ്റുപുഴയില്‍ പൊലീസ് പിടിയിലായ യുവാവും ഇത്തരമൊരു നുണക്കഥ തട്ടിവിടുകയായിരുന്നു. പക്ഷേ, ടൈമിംഗ് തെറ്റിപ്പോയി. പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന സുഹൃത്ത് ചാടിയിറങ്ങി ഓടിയത് പൊലീസ് കണ്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാളില്‍ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് വില്‍ക്കാന്‍ പോകും വഴിയാണ് പിടിയിലായതെന്നാണ് പൊലീസ് നിഗമനം.

ഊരമന മേമുറി, മൂലേമോളേത്ത് രതീഷ് (24) ആണ് പിടിയിലായത്. ആരക്കുഴ റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിന് മുന്നിലാണ് ഇവര്‍ പെട്ടത്.

ഇതിനിടെയാണ് കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടത്. അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ പോകുകയാണെന്നായിരുന്നു രതീഷ് പൊലീസിനോട് പറഞ്ഞത്. പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതോടെ സംശയം തോന്നി പൊലീസ് ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു. ബ്ലാക്ക് മാൻ  എന്നറിയപ്പെടുന്ന മോഷ്ടാവാണ് രക്ഷപ്പെട്ടത്. കഞ്ചാവ് വില്‍പ്പന, മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇരുവരും. ബ്ലാക്ക്മാന് വേണ്ടി അന്വേഷണം ആരംഭിച്ചതായി എസ്‌.ഐ, ടി.എം.സൂഫി പറഞ്ഞു.