വാശിക്കാരായ കുരുന്നുകളെ മര്യാദക്കാരാക്കാം ; ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാൽ മതി !

0
92

ഇപ്പോഴത്തെ കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ വാശിയും അനുസരണയില്ലായ്മയും. ഇത് ചെറു പ്രായത്തിൽ തന്നെ മാറ്റിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ് . അല്ലെങ്കിൽ ദുശാഠ്യം ഒരു സ്വഭാവമായി മാറുകയും അത് അവന്റെ അല്ലെങ്കിൽ അവളുടെ ഭാവി ജീവിതത്തെ തന്നെ അവതാളത്തിൽ ആക്കുകയും ചെയ്തേക്കാം. ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് വിലങ്ങു തടിയാവുന്ന മുൻകോപം, അസഹിഷ്ണത തുടങ്ങിയ കുഴപ്പങ്ങൾ തുടങ്ങുന്നത് അവന്റെ ചെറു പ്രായത്തിലെ ഈ സ്വഭാവങ്ങളിൽ നിന്നാവാം. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണം നടക്കുന്നത് അവൻ ​ഗർഭസ്ഥ ശിശു ആയിരിക്കുമ്പോൾ തന്നെയാണ്. അമ്മയുടെ ശാരീരിക മാനസിക സമ്മർദ്ദങ്ങൾ ​​ഗർഭസ്ഥ ശിശുവിന്റെ വൈകാരിക നിലയെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. ഇനി വാശിക്കാരെ മെരുക്കാൻ കുറച്ചു വഴികൾ നോക്കാം

ആവശ്യമുള്ളത് മാത്രം നൽകുക.

ഇന്നത്തെ മാതാപിതാക്കൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് ആവശ്യമാകുന്നതിന് മുമ്പ് തന്നെ അതിന് ഒരുങ്ങി നിൽക്കുക എന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇത് വളരെ തെറ്റായ ഒരു സന്ദേശം നൽകുന്ന പ്രവർത്തിയാണ്. അവർക്ക് ആവശ്യമുള്ള കാര്യം അത്യാവശ്യം ആകുമ്പോൾ മാത്രം കൊടുക്കുക. ആവശ്യപ്പെടുന്നതിന് മുമ്പ് എക്സ്ട്രാ വാങ്ങി നൽകുന്നത് അവനെ വാശിക്കാരനാക്കാനേ സഹായിക്കുകയൊള്ളൂ. സ്നേഹാധിക്യത്താൽ അവർ ആവശ്യപ്പെടുന്നത് എന്തും അപ്പോഴേ ചെയ്തു കൊടുക്കുന്നതും ശരിയായ പ്രവണതയല്ല. അത് അവനിലെ ക്ഷമയെ നശിപ്പിക്കും.

സമചിത്തത

വാശിയെടുക്കുന്ന കുട്ടിയോട് ദേഷ്യത്തിൽ സംസാരിക്കാൻ ശ്രമിക്കാതെ അവനോട് സമചിത്തതയോടെ സംസാരിക്കാൻ ശ്രമിക്കുക. ചെറിയ കുട്ടികളാണ് വാശി പിടിക്കുന്നതെങ്കിൽ അവരെ മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിപ്പിക്കുക.

വാശിയെ പ്രോത്സാഹിപ്പിക്കാതിരിക്കുക

മാതാപിതാക്കളുടെ ശ്രദ്ധ തിരിക്കാനും, സഹോദരങ്ങളോടുള്ള അസൂയകൊണ്ടും പെരുമാറ്റ വൈകല്യം കൊണ്ടും വാശി ഉണ്ടാകാം. മാതാപിതാക്കൾ വാശിയെ പ്രോത്സാഹിപ്പിക്കാതിരിക്കുക. കുട്ടി ആവശ്യപ്പെടുന്നത് എന്തും അവന്റെ വാശിപിടിച്ചുള്ള കരച്ചിലിൽ വഴങ്ങി ചെയ്തു കൊടുക്കാതെ ആവശ്യമുള്ളതാണോ എന്ന് ഉറപ്പുവരുത്തിയിട്ട് വാങ്ങി നൽകുക.