കൊറോണ വൈറസ് വവ്വാലില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയത് ഈനാം പേച്ചി വഴിയോ…?

0
270

വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ ഉത്ഭവവും വൈറസ് പടരാന്‍ കാരണമായതും വവ്വാലുകളാണെന്നും പാമ്പുകളാണെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. വൈറസിന്റെ പേരില്‍ സംശയിക്കപ്പെടുന്ന ജന്തുക്കളുടെ പട്ടികയിലേക്ക് വവ്വാലിനും പാമ്പിനും പിന്നാലെ ഇപ്പോഴിതാ ഈനാംപേച്ചിയും എത്തപ്പെട്ടിരിക്കുന്നു.

മിഷിഗണ്‍ സര്‍വകലാശാല ലാബിലെ യാംഗ്ഷാംഗ് ഗവേഷക ഗ്രൂപ്പാണ് വവ്വാലില്‍ നിന്നും ഈനാംപേച്ചി വഴിയാണ് മനുഷ്യരിലേക്ക് കോവിഡ് എത്തിയതെന്ന സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്. മനുഷ്യര്‍ക്കിടയില്‍ വലിയ നാശം ഉണ്ടാക്കി കോവിഡ് മൂന്ന് മാസം പിന്നിടുമ്പോഴും അതിന്റെ ഘടനയില്‍ കാര്യമായി മാറ്റം വന്നിട്ടില്ല.

രോഗം പടര്‍ന്നത് വുഹാനിലെ മാര്‍ക്കറ്റിലെ വവ്വാലുകളില്‍ നിന്നുമാണെന്ന സംശയം നേരത്തേ തന്നെ ശാസ്ത്രജ്ഞര്‍ ഉന്നയിച്ചതാണ്. എന്നാല്‍ വവ്വാലില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് എത്താന്‍ വാഹകരായത് മറ്റേത് ജീവി ആണെന്ന സംശയമാണ് പ്രധാനമായും ഉയര്‍ന്നത്. ഈ സാധ്യതയാണ് ഇപ്പോള്‍ ഈനാംപേച്ചിയില്‍ എത്തിയിരിക്കുന്നത്.

നേരത്തേ പാമ്പില്‍ നിന്നായിരിക്കാം എന്ന സംശയം ഉയര്‍ന്നെങ്കിലും അതല്ലെന്ന് പിന്നീട് തെളിഞ്ഞു. മനുഷ്യരിലേക്ക് വൈറസ് എത്തും മുമ്പ് തന്നെ മനുഷ്യരില്‍ ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന വിധം അതിന് രൂപമാറ്റം സംഭവിച്ചതായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

ലോകത്ത് ഏറ്റവു കച്ചവടം ചെയ്യപ്പെടുന്നതും വിലയേറിയതുമായ മാംസങ്ങളില്‍ ഒന്നാണ് ഈനാം പേച്ചിയുടേത്. അനധികൃതമായിട്ടാണ് ഇവ വില്‍പ്പന ചെയ്യപ്പെടുന്നത്. വുഹാനില്‍ വില്‍പ്പനയ്ക്ക് വെച്ച ജീവികളില്‍ നിന്നുമാണ് വൈറസ് പടര്‍ന്നതെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ 41 കോവിഡ് രോഗികളില്‍ 27 പേരും വുഹാനിലെ മാര്‍ക്കറ്റുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്.

ഈനാംപേച്ചിയുടെ ശ്വാസകോശത്തില്‍ നിന്നും ലഭിച്ച കൊറോണാ വൈറസിന്റെ ജനിതക ശ്രേണി കോവിഡിന് കാരണമായ സാര്‍സ് കോവ് – 2 വൈറസുമായി വലിയ സാദൃശ്യം കാണിക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. രണ്ടു വൈറസുകളും 91 ശതമാനം ജനിതക ശ്രേണിയാണ് സാദൃശ്യമായത്.

2002 ല്‍ കൊറോണ വിഭാഗത്തില്‍ പെട്ട വൈറസ് പടര്‍ത്തിയ സാര്‍സ് വെരുക് വഴിയും 2012 ല്‍ മെര്‍സ് ഒട്ടകം വഴിയുമായിരുന്നു മനുഷ്യരിലേക്ക് എത്തിയത്.