പാലക്കാട് കൊറോണ സ്ഥിരീകരിച്ച പ്രവാസിയുടെ മകന്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍, റൂട്ട് മാപ്പില്‍ വലിയ ആശങ്ക

0
97

പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറുശ്ശിയില്‍ കൊറോണ സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട് മാപ്പില്‍ വലിയ ആശങ്ക. ദുബായിയില്‍ നിന്ന് തിരിച്ചെത്തി എട്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ നിരീക്ഷണത്തില്‍ പോയത്. മറ്റു ദിവസങ്ങളിലെല്ലാം നാട്ടിലുടനീളം കറങ്ങി നടക്കുകയും ചെയ്തിരുന്നു. ഒരുതവണ മലപ്പുറത്തേക്കും യാത്രചെയ്തു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടേതടക്കം ഇയാളുമായി ബന്ധപ്പെട്ടവരുടെ വിശദമായ റൂട്ട് മാപ്പെടുത്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. രോഗം സ്ഥിരീകരിച്ച ആളുടെ മകന്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആണ്. ഇയാള്‍ ദീര്‍ഘ ദൂര ബസുകളില്‍ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്.
പ്രവാസി നാട്ടിലെത്തിയത് 13 നാണ്. അതിന് ശേഷം 17 ന് മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ബസ്സില്‍ മകന്‍ ജോലി ചെയ്തു. 18 ന് പാലക്കാട് തിരുവനന്തപുരം ബസിലും ജോലി നോക്കി. ഈ ബസില്‍ യാത്ര ചെയ്തവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നാണ് നിലവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ 3 പേര്‍ക്കു കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.സംസ്ഥാന അതിര്‍ത്തി കൂടിയായതിനാല്‍ ജില്ലയിലെ ആരോഗ്യമേഖലയില്‍ അതീവ ജാഗ്രതയ്ക്കാണു നിര്‍ദേശം.അനാവശ്യയാത്രകള്‍ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഒട്ടേറെപ്പേര്‍ പുറത്തിറങ്ങുന്നുണ്ട്. വിദേശത്തു നിന്നെത്തിയവരില്‍ ഒട്ടേറെപ്പേര്‍ നിരീക്ഷണ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമ്പോള്‍ മറ്റു ചിലര്‍ ഇറങ്ങി നടക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.