മാലാഖ എന്ന വിളി മാത്രം ബാക്കി: സാലറി കിട്ടിയത് 5000 രൂപ

0
196

അശ്വിനി ഹോസ്പിറ്റലിലെ നഴ്സുമാർക്ക് ഇന്ന് കിട്ടിയ സാലറി വെറും 5000 രൂപ . എട്ടു വർഷം വരെ പ്രവർത്തി പരിചയം ഉള്ള നഴ്സുമാർ ഉണ്ട് ഈ കൂട്ടത്തിൽ. ഒരു അറിയിപ്പ് പോലും കൊടുക്കാതെയാണ് സാലറി വെട്ടിക്കുറച്ചത്. കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ നഴ്സുമാർ എല്ലാം അഹോരാത്രം ആണ് ഇപ്പോൾ ജോലി ചെയ്യുന്നത്.എല്ലാ നഴ്സുമാർക്കും സാലറി കൂട്ടി കൊടുക്കണമെന്ന് സംസ്ഥാനം മുഴുവൻ ആവശ്യം ഉന്നയിക്കുമ്പോൾ ആണ് അശ്വിനി ഹോസ്പിറ്റൽ നഴ്സുമാരോട് ഈ ക്രൂരത കാണിക്കുന്നത്


ലോക്ക്ഡൗണിൻ്റെ ഭാഗമായി അശ്വിനി ഹോസ്പിറ്റലിൽ ഡ്യൂട്ടിസമയം നീട്ടിയിരുന്നു .രാവിലെ 7 മണി മുതൽ വൈകീട്ട് 5 മണി വരെ ജോലി ചെയ്യുന്ന നഴ്സുമാരോട് ആണ് ഈ ചതി കാണിക്കുന്നത്. രാവിലെ മുതൽ വൈകീട്ട് വരെ ‘മാലാഖ ‘ ,’മാലാഖ’ എന്ന് വിളിച്ചു നടക്കുന്നവരുടെ ശ്രദ്ധ ഈ വാർത്തയിലേയ്ക്ക് ക്ഷണിക്കുകയാണ്.

ദിവസവും 70 കിലോമീറ്റർ സ്കൂട്ടർ ഓടിച്ചു ജോലി ചെയ്ത് പോകുന്ന നഴ്സുമാർ വരെ അശ്വിനി ഹോസ്പിറ്റലിൽ ഉണ്ട്. ഇങ്ങനെ ജോലി ചെയ്യുന്ന നഴ്സുമാരോട് ആണ് ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ സാലറി വെട്ടികുറച്ച് അവരുടെ ജീവിതം ഇരുട്ടിലേക്ക് തള്ളിവിട്ടത്.
ജീവിതത്തിലെ കഷ്ടപ്പാടുകളോട് മല്ലിട്ടും, കൊറോണ വൈറസ് എന്ന മഹാമാരിയെ വെല്ലുവിളിച്ചും സമൂഹത്തിനുവേണ്ടി കഷ്ടപെടുന്ന നഴ്സുമാരുടെ ഈ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കണം എന്ന് ഗവൺമെൻ്റിനോട് ആവശ്യപെടുന്നു.