കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച്‌ വാഷിംഗ്ടണ്‍ പോസ്റ്റ്

0
121

ന്യൂയോര്‍ക്ക് : കൊവിഡ് 19 വ്യാപനത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ച കേരളത്തിന്റെ നടപടികളെ പുകഴ്ത്തി അമേരിക്കയില്‍ നിന്നുള്ള അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ഇന്ത്യയില്‍ കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായിട്ടും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടാനും കേരളത്തിന് സാധിച്ചെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്തയില്‍ പറയുന്നു. കൊവിഡിനെതിരെ കേരളാ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും തീരുമാനങ്ങളെയും റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്.

രോഗവ്യാപനം തടയാനുള്ള നടപടികള്‍, കൊവിഡ് സംശയമുള്ളവരെ ക്വാറന്റീന്‍ ചെയ്യല്‍, റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയ്യാറാക്കല്‍, കര്‍ശനമായ പരിശോധനകള്‍, മികച്ച ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പുവരുത്തി.

സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരത രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ കുടിയേറ്റതൊഴിലാളികള്‍ക്ക് താമസസൗകര്യമൊരുക്കിയതും സൗജന്യഭക്ഷണം വിതരണം ചെയ്യുന്നതുമടക്കമുള്ള വിവരങ്ങള്‍ വാര്‍ത്തയില്‍ വിവരിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയാണ് കേരളമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബ്രിട്ടീഷ് പൗരന്‍ കൊവിഡ് ഭേദമായി ആശുപത്രി വിട്ട്ത് സംബന്ധിച്ച്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ ട്വിറ്ററില്‍ കുറിച്ച വാക്കും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പേജിലുണ്ട്.

എല്ലാ ആധുനിക സൗകര്യങ്ങളുണ്ടായിട്ടും അമേരിക്കയില്‍ കൊവിഡ് വലിയ ദുരന്തം വിതക്കുന്ന സാഹചര്യത്തിലാണ് അവിടെ നിന്നുള്ള ഒരു മാധ്യമയം ഇന്ത്യയിലെ ഒരു കൊച്ച്‌ സംസ്ഥാനം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രശംസ ചൊരിയുന്നത് എന്നത് ശ്രദ്ധേയമാണ്.