കോവിഡ് ഭീതി ജനിപ്പിക്കുന്ന സ്ഥിതിയിൽ കലാകാരന്മാർ ഉൾപ്പെടെ എല്ലാ ജനങ്ങളും സമ്പൂർണ്ണ ലോക് ഡൗണിൽ തുടരുകയാണ്’.ഈ സാഹചര്യത്തിൽ ഒരുമിനിറ്റ് കലാ പ്രകടനവുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയിരിക്കുകയാണ് കലാ പ്രവർത്തകർ. “എല്ലാ കലാപ്രവർത്തകരും ഉണ്ടാകണേ… ഒന്നിക്കണേ”എന്നായിരുന്നു ഇതിനു പിന്നിലെ സന്ദേശം. ലോക്ഡൗൺ കാലത്ത് വേദികളില്ലാതെ വീട്ടിലിരിക്കേണ്ടി വന്ന കലാകാരന്മാർക്കായുള്ള ക്യാമ്പെയിനിന്റെ ഭാഗമായിരുന്നു കലാകാരന്മാരുടെ ഒരു മിനിറ്റ് പ്രകടനം.ഇതിന്റെ ഭാഗമായി വ്യാഴാഴ്ച, കലാകാരന്മാർ അവരവരുടെ പേജുകളിൽ ഒരു മിനിറ്റ് നീളുന്ന കലാപ്രകടനങ്ങൾ കാഴ്ച വച്ചു.
ചർച്ചകൾക്കും,തമാശകൾക്കും പ്രാധാന്യം കല്പിക്കുന്ന സമൂഹമാധ്യമങ്ങളുടെ തിരശീലയിൽ ഇന്നലെ നിറഞ്ഞത് കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന കലാപ്രകടനങ്ങളായിരുന്നു. ‘ഞങ്ങൾ കലാപ്രവർത്തകർ, കലയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ചവർ… രസിപ്പിച്ചവർ… ചിന്തിപ്പിച്ചവർ… ഞങ്ങൾക്കും തരിക ഒരു കരുതൽ എന്നാണ് പലരും തങ്ങളുടെ പേജുകളിൽ കുറിച്ചത്.
പ്രശസ്തരായവർ ഉൾപ്പെടെ നിരവധി കലാകാരന്മാരാണ് ഇന്നലെ നടന്ന ക്യാമ്പെയിനിൽ പങ്കെടുത്തിട്ടുള്ളത്. ഗായിക സിത്താര കൃഷ്ണകുമാർ,ബിജിപാൽ, സയനോര,രാജലക്ഷ്മി, എന്നിങ്ങനെ ധാരാളം പേരും ഒരു മിനിറ്റ് നീളുന്ന തങ്ങളുടെ കലാമികവ് പോസ്റ്റ് ചെയ്തിരുന്നു. കലാകാരുടെ ഈ ഉദ്യമത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

You must be logged in to post a comment Login