കോവിഡ് ദിനംപ്രതി ഭീതി ജനിപ്പിക്കുന്ന സാഹചര്യത്തിൽ തൃശ്ശൂർ പൂരവും ഇക്കുറിയുണ്ടാകില്ല.മേയ് 3 ന് നടക്കാനിരുന്ന തൃശ്ശൂര്‍ പൂരം ലോക്ഡൗണ്‍ അതിജാഗ്രതയോടെ തുടർന്ന് പോരുന്ന സാഹചര്യത്തെ തുടര്‍ന്ന് റദ്ദാക്കാനാണ് ആലോചിക്കുന്നത്. ക്ഷേത്രാങ്കണത്തില്‍ വെച്ച് ഒരു ആചാരമായി മാത്രം ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പൂരത്തോട് അനുബന്ധിച്ച് മാസങ്ങൾക്ക് മുന്നേ ഒരുക്കങ്ങൾ നടത്തി തുടങ്ങുമായിരുന്നു. ഏപ്രില്‍ ഒന്നിന് നടക്കാനിരുന്ന രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പൂരം എക്‌സിബിഷന്‍ അടക്കം പൂരവുമായി ബന്ധപ്പെട്ടുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വംബോര്‍ഡ് വേണ്ടെന്നു വച്ചു . തേക്കിന്‍കാട് മൈതാനത്ത് വടക്കുംനാഥന്‍ ക്ഷേത്രത്തിന് സമീപം നടത്തുന്ന ഏറ്റവും വലിയ വ്യാപാര മേളകളിലൊന്നാണ് പൂരം എക്‌സിബിഷൻ.
കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്രമുണ്ട്. ആനകളെ അണിനിരത്തി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേളവും, പഞ്ചവാദ്യവും, കുടമാറ്റവും, വെടിക്കെട്ടും ഉള്‍പ്പെടുന്നതാണ് തൃശ്ശൂർക്കാരുടെ സ്വന്തം തൃശ്ശൂർ പൂരം.പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് അനക്കമ്പക്കാരും മേളക്കമ്പക്കാരും ഒക്കെയായി പല നാടുകളിൽ നിന്നുമാണ് ആൾക്കാർ എത്തിയിരുന്നത്.
58 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശ്ശൂര്‍ പൂരം റദ്ദാക്കപ്പെടുന്നത്. ഇതിനുമുമ്പ് 1962ലെ ഇന്തോ ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം നടത്താതിരുന്നത്.പൂരം നടത്താൻ കഴിയാത്തതിൽ വേദനയുണ്ടെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്തിരുന്ന തൃശ്ശൂർ പൂരം ചെറിയ ഒരു ചടങ്ങായി മാത്രം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

You must be logged in to post a comment Login