ന്യുഡല്‍ഹി: രാജ്യത്ത് നിലവില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗണ്‍ തീര്‍ന്നാലുടന്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേമന്ത്രാലയം. ഏപ്രില്‍ 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ല. പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഒരു ആലോചനയും നടന്നിട്ടില്ല.
ട്രെയിന്‍ സര്‍വീസിന്റെ കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ചുമതല നല്‍കുമെന്നാണ് റെയില്‍വേയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ തീരുന്ന മുറയ്ക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ റെയില്‍വേ തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഏപ്രില്‍ 15 മുതല്‍ മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കാന്‍ സോണുകള്‍ക്ക് റെയില്‍വേ നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ട്രെയിനുകളുടെ വിശദാംശങ്ങളും സര്‍വീസുകളുടെ എണ്ണവും ഉള്‍പ്പെടെ പ്രചരിച്ചിരുന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 14 വരെ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കിയിരുന്നു.എന്നാല്‍, ശേഷമുളള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്നാണ് റെയില്‍വേ മന്ത്രാലയം ഇപ്പോള്‍ അറിയിക്കുന്നത്.
അവശ്യ വസ്തുക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനായി ചരക്ക് തീവണ്ടികള്‍ സര്‍വ്വീസ് നടത്തുമെന്നും റെയില്‍വെ അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് സബര്‍ബന്‍ ട്രെയിനുകളും നിര്‍ത്തിവെച്ചിരുന്നു.

You must be logged in to post a comment Login