തിരുവനന്തപുരം: സർവകലാശാല വി സിമാർക്കെതിരായ നടപടികളിൽ ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എൽ ഡി എഫ്. പിപ്പിടി വിദ്യ പരാമർശം ആവർത്തിച്ച് വിമർശനവുമായി മുഖ്യമന്ത്രി രാവിലെ തന്നെ രംഗത്തെത്തിയതിന് പിന്നാലെ വൈകിട്ട് എൽ ഡി എഫ് പ്രതിഷേധവും സംഘടിപ്പിച്ചു. പ്രതിഷേധം ഉദ്ഘാടനം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഗവർണർ നടത്തുന്നത് ആർ എസ് എസ് കുഴലൂത്താണെന്ന് തുറന്നടിച്ചു. നിലവിലെ നിയമനുസരിച്ചാണ് ഗവർണർ ചാൻസിലായതെന്നും കേരള സർവകലാശാല വൈസ് ചാൻസിലറുടെ നിയമനവും അതേ നിയമം വഴിയാണെന്നും പറഞ്ഞ സി പി എം സെക്രട്ടറി, വൈസ് ചാൻസിലറുടെ നിയമനം ശരിയല്ലെങ്കിൽ ചാൻസിലർ നിയമനവും ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു.
രാജാവിന്‍റെ അധികാരമുണ്ടെന്ന് കരുതുന്ന ഒരു ഗവർണർ കേരളത്തിന് അപമാനമാണ്. ഗവർണർ പറയുന്നത് അക്ഷരം പ്രതി കേൾക്കുന്നവരെയാണ് പത്രസമ്മേളനത്തിലേക്ക് വിളിച്ചത്. ഇത് തികച്ചും ഫാസിസ്റ്റ് സമീപനമാണെന്നും എം വി ഗോവിന്ദൻ ചൂണ്ടികാട്ടി. താൻ പറയുന്നത് കേൾക്കണം, തിരിച്ച് ചോദ്യം വേണ്ട, ഇഷ്ടമുള്ളവർ വന്നാൽ മതിയെന്ന് പറയുന്ന ഗവർണറുടേത് എന്ത് ന്യായമാണെന്നും സി പി എം സെക്രട്ടറി ചോദിച്ചു. ആർ എസ് എസ് കുഴലൂത്ത് പണിയാണ് ഗവർണർ നടത്തുന്നത്. ആർ എസ് എസുകാർക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസം തീറെഴുതാൻ ശ്രമിക്കുന്നു. യുണിവേഴ്സിറ്റിയിൽ ആർ എസ് എസുകാരെ നിയമിക്കാൻ നീക്കം നടത്തുന്നു. അതിന് വേണ്ടി പ്രൊഫസർമാരുടെ പട്ടികയെടുക്കുകയാണ് ഗവർണർ. ഇത്തരം ശ്രമങ്ങളെ ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി എൽ ഡി എഫ് പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ജെ എൻ യു അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആർ എസ് എസ് തകർക്കാൻ ശ്രമിക്കുന്നു. ഹൈദരാബാദ് സർവകലാശാലയെയും തകർക്കാൻ ശ്രമിക്കുകയാണ്. അന്ധവിശ്വാസത്തിൽ അടിമകളായവരെയാണ് ഇവിടങ്ങളിൽ വി സിമാരാക്കുന്നത്. എന്നാൽ ലോകോത്തര കഴിവുളളവരാണ് കേരളത്തിലെ വി സിമാർ. കേരളത്തിനും കാലിക്കറ്റിനും ഗ്രേഡ് നൽകിയത് സംസ്ഥാന സർക്കാരല്ലെന്നും ഗോവിന്ദൻ ചൂണ്ടികാട്ടി.
