നിര്‍ഭയ കേസിലെ നാല് പ്രതികളും വധശിക്ഷ അര്‍ഹിക്കുന്നവര്‍ , പ്രതികളെ തൂക്കിക്കൊല്ലുന്നതില്‍ അല്പം പോലും മനസ്താപമില്ല – ആരാച്ചാരായ പവന്‍ ജലാദ് !

0
105

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ നാല് പ്രതികളും വധശിക്ഷ അര്‍ഹിക്കുന്നവരാണെന്നും നാല് പ്രതികളെയും തൂക്കിക്കൊല്ലുന്നതില്‍ തനിക്ക് അല്പം പോലും മനസ്താപമില്ലെന്നും ആരാച്ചാരായ പവന്‍ ജലാദ്. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവർക്ക് വധശിക്ഷ തന്നെയാണ് കൊടുക്കേണ്ടതെന്നും ശിക്ഷ നടപ്പാക്കാന്‍ തനിക്ക് യാതൊരു ഭയവുമില്ലെന്നും പവന്‍ ജലാദ് പറയുകയുണ്ടായി.

” ആരാച്ചാരായതില്‍ ഏറെ അഭിമാനമുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ആരാച്ചാരായത്. ഈ തൊഴില്‍ ഒരിക്കലും തെറ്റായി തോന്നിയിട്ടില്ല ” പവന്‍ ജലാദിന്റെ വാക്കുകൾ .

നാല് തലമുറകളിലായി പവന്‍ ജലാദിന്റെ കുടുംബം തുടര്‍ന്നുപോരുന്ന ജോലിയാണിത്. പവന്‍ ജലാദിന്റെ അച്ഛനും മുത്തച്ഛനുമാണ് ഇന്ദിരാഗാന്ധിയുടെ കൊലപാതകിയെ തൂക്കിലേറ്റിയത് . ഇവര്‍ തന്നെയാണ് തന്റെ ഈ ജോലിയിലേക്കുള്ള വഴികാട്ടികള്‍ എന്നാണ് പവന്‍ പറയുന്നത്.

പവന്‍ ജലാദ് തന്റെ ഇരുപത്തിരണ്ടാം വയസിലാണ് കൊലക്കയര്‍ കൈയിലെടുക്കുന്നത്. ഇതുവരെ അഞ്ച് പേരെ തൂക്കിലേറ്റിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഏക അംഗീകൃത ആരാച്ചാരായ പവന്‍ ജലാദ് പട്യാല സെന്‍ട്രല്‍ ജയിലിലാണ് ആദ്യമായി ആരാച്ചാരായി തന്റെ ജോലി നിര്‍വഹിച്ചത്. ആദ്യമായി പവന്‍ വധശിക്ഷ നടപ്പാക്കിയത് മുത്തച്ഛനൊപ്പമായിരുന്നു .

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുമ്പോൾ ലഭിക്കുന്ന തുക തന്റെ മകളുടെ കല്യാണത്തിന് ഉപയോഗിക്കും എന്നാണ് പവന്‍ ജലാദ് പറയുന്നത്. ഫെബ്രുവരി ഒന്ന്, രാവിലെ ആറ് മണിക്കാണ്  പ്രതികളെ തൂക്കിലേറ്റുന്നത് . പ്രതികളില്‍ ഒരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.