തെളിവെടുപ്പിൽ കൂസാതെ മുക്കം ഇരട്ടക്കൊലക്കേസിലെ പ്രതി ബുർജു .
മുക്കം : സ്വത്തിന് വേണ്ടി അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലുകയും കൂട്ടുനിന്നയാളെ കൊന്ന് ശരീര ഭാഗങ്ങൾ മുറിച്ച് ജില്ലയുടെ പല ഭാഗങ്ങളിലായി ഇടുകയും ചെയ്ത കേസിലെ പ്രതിയെ, തെളിവെടുപ്പിനായി പോലീസ് കുറ്റകൃത്യം ചെയ്ത സ്ഥലത്തെത്തിച്ചു. മുക്കം വെസ്റ്റ് മണ്ണാശ്ശേരി ബുർജു (53) ആണ് പ്രതി. രണ്ടര വർഷത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. ഇസ്മയിലിനെ കൊന്നു വെട്ടി നുറുക്കിയ കുളിമുറിയിൽ ഒരിക്കൽ കൂടി കയറിയപ്പോളും ബുർജുവിന്റെ മുഖത്ത് കുറ്റബോധത്തിന്റെ ഒരു കണിക പോലും ഇല്ലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് മുമ്പിൽ കൊലപാതകത്തിന്റെ എല്ലാ വിവരങ്ങളും കൃത്യമായി പറഞ്ഞു കൊടുത്തു. അമ്മ ജയവല്ലിയെ കഴുത്തു ഞെരിച്ചു കൊന്ന കട്ടിലും പ്രതി പോലീസിന് കാട്ടികൊടുത്തു. ഇതേ കട്ടിലിൽ വെച്ചു തന്നെ അമ്മയെ കൊല്ലാൻ കൂട്ടു നിന്ന ഇസ്മയിലിനെയും കൊന്നതിന് ശേഷം വലിച്ചിഴച്ച് കുളിമുറിയിൽ എത്തിച്ച് ശരീര ഭാഗങ്ങൾ വെട്ടി നുറുക്കി ചാലിയം കടൽതീരത്തും മുക്കം എസ്റ്റേറ്റിലുമായി ഉപേക്ഷിക്കുകയായിരുന്നു. നാലര മണിക്കൂർ നീണ്ടു നിന്ന തെളിവെടുപ്പിൽ അമ്മയെ കെട്ടിതൂക്കിയ ഭാഗവും പരിസരവുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. അന്വേഷണത്തിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ശരീര ഭാഗങ്ങൾ കിട്ടിയ സ്ഥലം അടക്കം മൂന്നിടങ്ങളിൽ കൂടി തെളിവെടുപ്പ് നടത്താൻ ഉണ്ട്. ഇസ്മയിലിന്റെ കാലുകൾ മുറിച്ച് എവിടെയാണ് ഉപേക്ഷിച്ചത് എന്ന് ഇതുവരെ പോലീസിന് അറിവ് ലഭിച്ചിട്ടില്ല. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അറിയാൻ ബുർജുവിന്റെ ഭാര്യയെ നോട്ടീസ് അയച്ചു വിളിച്ചു വരുത്തുന്നതിനും ധാരണയായിട്ടുണ്ട്.
ഇസ്മയിലിനെ കൊല ചെയ്തതിനു ശേഷം ശരീര ഭാഗങ്ങൾ സർജിക്കൽ ബ്ലേയ്ഡ് കൊണ്ട് മുറിച്ചു പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. നാലു കേസുകളിൽ പ്രതിയായിരുന്ന ഇസ്മയിലിന്റെ 29 വർഷം മുമ്പുള്ള വിരലടയാളം പോലീസിന്റെ പക്കൽ ഉണ്ടായിരുന്നതാണ് മുക്കം ഇരട്ടകൊലപാതക കേസിൽ നിർണായക വഴിത്തിരിവായത്. ഇതാണ് മൃതദേഹം തിരിച്ചറിയുന്നതിലേയ്ക്കും ജയവല്ലിയുടെ കൊലപാതകം തെളിയിക്കുന്നതിലേയ്ക്കും ക്രൈംബ്രാഞ്ചിനെ സഹായിച്ച മുഖ്യതെളിവ്.

You must be logged in to post a comment Login