കോവിഡ് രോഗബാധയെ തുടർന്ന് രാജ്യം സമ്പൂർണ്ണ ലോക് ഡൗണിലൂടെ ദിനങ്ങൾ പിന്നിടുകയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ സാമ്പത്തികസ്ഥിതി ഓരോ ദിനവും പ്രതിസന്ധിയിലേക്കാണ് നീളുന്നത്. പ്രതിരോധത്തിനുള്ള സാമ്പത്തിക നടപടികളുടെ ഭാഗമായി എംപിമാരുടെ പ്രാദേശിക ഫണ്ട് രണ്ടുവർഷത്തേക്ക് മരവിപ്പിച്ചത് കേരളത്തിന് തിരിച്ചടിയായേക്കും. ഇതിന്റെ ഭാഗമായി മുൻപ് എം പി മാരുടെ ശമ്പളം 30 ശതമാനമായി കുറച്ചിരുന്നു.
കോവിഡ് പ്രതിരോധത്തിനായി ഫണ്ട് ഉപയോഗിക്കുന്നതിൽ എംപിമാർ പൊതുവേ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, എംപി ഫണ്ട് നിർത്തലാക്കിയത് പ്രാദേശിക വികസനത്തെ സാരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎ മാരുടെ ഫണ്ട് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിലേക്ക് നൽകാൻ അനുമതി ലഭിച്ചിട്ടുണ്ട്.എന്നിരുന്നാൽ കൂടിയും പണം എങ്ങനെ ചെലവാക്കണമെന്നത് കേന്ദ്രം തീരുമാനിച്ചാൽ അത് കേരളത്തെ ദോഷകരമായി ബാധിക്കും. ഏതൊക്കെ തരത്തിൽ കോവിഡ് പ്രതിരോധ പദ്ധതികൾക്ക് എങ്ങനെയൊക്കെ പണം ചെലവഴിക്കണമെന്ന് നിർദേശിക്കാനുള്ള അവസരം എംപിമാർക്ക് നൽകണമെന്ന ആവശ്യവും ശക്തമായി തന്നെ ഉയരുന്നുണ്ട്.
നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി കാരണം എം. പി ഫണ്ടിനെ കോവിഡ് പ്രതിരോധിക്കാനുള്ള സാമ്പത്തിക മാർഗ്ഗമായി കാണുകയാണെന്ന വാദവും അതിശക്തമാണ്. ഇത്തരത്തിൽ എംപി ഫണ്ട് മരവിപ്പിക്കുന്നതിനെതിരെ ദേശീയ തലത്തിൽ മറ്റു പല എംപിമാരുടെയും പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഇക്കാര്യത്തിൽ എടുത്തിട്ടുള്ള തീരുമാനം പുനപരിശോധിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

You must be logged in to post a comment Login