ലോക്ക്ഡൗണില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചതോടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ‘മൊട്ടയടിക്കല്‍’ ചലഞ്ച്

0
112

കൊറോണ വൈറസിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തലമുടി വെട്ടാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. അതുകൊണ്ടു തന്നെ ലോക്ക്ഡൗണ്‍ കാലത്ത് ‘മൊട്ടത്തല’കളുടെ എണ്ണവും കൂടിയിരിക്കുകയാണ്.

ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചത്തോടെ മുടിവെട്ടാന്‍ പറ്റാതെ പോയവരാണ് മൊട്ടയടിക്കാന്‍ തീരുമാനിച്ചത്. സംഭവം ഇപ്പോള്‍ ഒരു ചലഞ്ചായി മാറിയിട്ടുണ്ട്.

‘മൊട്ടത്തല’കളുടെ ഒരു ഗ്രൂപ്പും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികളുടെ നേതൃത്വത്തിലാണ് മൊട്ടത്തല ഗ്രൂപ്പ് രൂപം കൊണ്ടത്.

സ്വന്തം മൊട്ടത്തല അവതരിപ്പിക്കുക, മൊട്ടത്തലകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുക, മൊട്ടയടിക്കാന്‍ പ്രോത്സാഹനം നല്‍കുക എന്നിവയാണ് ഗ്രൂപ്പിന്റെ പ്രധാന പരിപാടികള്‍.

വര്‍ഷങ്ങളായി മൊട്ട സ്‌റ്റൈലില്‍ തിളങ്ങുന്നവര്‍ മുതല്‍ ഗ്രൂപ്പിന്റെ പ്രചോദനം കൊണ്ട് മൊട്ടയടിച്ചവര്‍ വരെ ഈ ഗ്രൂപ്പിലുണ്ട്. അല്കസി ജോര്‍ജ്, ബാബു.കെ.കുരിയന്‍, പ്രിനോ വല്‍സന്‍ എന്നീ പ്രവാസി മലയാളികളാണ് ഗ്രൂപ്പിന് തുടക്കം കുറിച്ചത്.

ഇതിനിടെ, കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി. നാളെ മുതല്‍ ഒരാഴ്ച്ച രാജ്യത്ത് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.

രോഗം കുറയുന്ന ഇടങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവുകളുണ്ടാകും. യാത്രാനിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകില്ല. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

മാര്‍ച്ച് 24-ന് പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഏഴിന നിര്‍ദേശങ്ങളും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

1. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുക
2. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുക
3. രോഗപ്രതിരോധം ശക്തമാക്കുക
4. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുക
5. പാവപ്പെട്ടവരെ സഹായിക്കുക
6. തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചു വിടരുത്
7. ആരോഗ്യപ്രവര്‍ത്തകരെ മാനിക്കുക, ആദരിക്കുക എന്നിവയാണ് ഏഴിന നിര്‍ദേശങ്ങള്‍.