മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഇന്റർസെപ്റ്റർ വാഹനം അപകടത്തിൽപെട്ടു. വാഹനം നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡരികിലെ ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിയിൽ ഇടിച്ച ശേഷം സമീപത്തെ തെങ്ങിൽ ഇടിച്ചാണു നിന്നത്. ഡ്രൈവറും മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൊടുപുഴ – കൂത്താട്ടുകുളം റോഡിൽ വാഴപ്പിള്ളി ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം .
രക്തത്തിലെ ഷുഗർ നില താഴ്ന്നതിനെ തുടർന്ന് ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിനു കാരണം എന്ന് അധികൃതർ പറഞ്ഞു.
അപകടം നടക്കുമ്പോൾ 2 ഉദ്യോഗസ്ഥർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. തൊടുപുഴ – കൂത്താട്ടുകുളം മേഖലയിലെ ഒരു ക്വാറിയിൽ നിന്നു പാറക്കല്ല് കയറ്റിയ ടിപ്പർ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നുവെന്ന സമീപവാസികളുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു തിരിച്ചു വരുന്നതിനിടെയാണ് അപകടം നടന്നത്.
വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത് അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ്. ഉടൻതന്നെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ കൊണ്ടുപോയി. വാഹനം ട്രാൻസ്‌ഫോമറിൽ ഇടിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.

You must be logged in to post a comment Login