മൊബൈൽ ഫോണും മാനസിക ആരോ​ഗ്യവും !

0
114

മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും നിശ്ചിതമായ അറിവുകള്‍ മാത്രമായിരിക്കില്ല നിലനില്‍ക്കുക. സാമൂഹികമോ, സാങ്കേതികമോ, രാഷ്ട്രീയമോ ഒക്കെയായി ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം വ്യക്തികളുടെ മാനസികാരോഗ്യത്തേയും ബാധിക്കാറുണ്ട്. ആ അര്‍ത്ഥത്തില്‍ എപ്പോഴും പുതുക്കപ്പെടുന്ന മേഖലയാണ് മാനസികാരോഗ്യ മേഖലയെന്ന് വേണമെങ്കില്‍ പറയാം.
അത്തരത്തില്‍ പുതിയ കാലത്തിന്റേതായ ഒരു മാനസികപ്രശ്‌നത്തെക്കുറിച്ചാണ് ഇനി പറയുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരായി നമുക്കിടയില്‍ വളരെ കുറച്ചാളുകളേ ഇന്ന് അവശേഷിക്കുന്നുള്ളൂ. ഉപയോഗിക്കുന്നവരുടെ കാര്യം പറയുകയാണെങ്കില്‍ മിക്കപ്പോഴും ഉറക്കമുണരുന്നത് തന്നെ മൊബൈലിലേക്ക് നോക്കിയായിരിക്കും. അതുപോലെ ഉറങ്ങിവീഴുന്നതും മൊബൈല്‍ സ്‌ക്രീനില്‍ തന്നെ.
പലരിലും അവരറിയാതെ തന്നെ മൊബൈല്‍ ഫോണിനോട് കടുത്ത അടിപ്പെടല്‍ ഉണ്ടായിരിക്കും. ഈ വിഭാഗക്കാരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇവരിലാണ് മുകളില്‍ സൂചിപ്പിച്ച മാനസികപ്രശ്‌നം ഉണ്ടാകാനും സാധ്യതകളേറെയുള്ളത്. അതായത്, കുറച്ചധികം സമയത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഒരു സാഹചര്യം വരുന്നുവെന്ന് കരുതുക, അല്ലെങ്കില്‍ വീട്ടില്‍ നിന്നിറങ്ങുമ്പോൾ മൊബൈലെടുക്കാന്‍ മറന്നുവെന്ന് കരുതുക. അതോടെ ആകെ മനസ് അസ്വസ്ഥമാകുന്ന അവസ്ഥ.
വെറും അസ്വസ്ഥത മാത്രമല്ല, ഹാര്‍ട്ട് ബീറ്റ് കൂടുക, ബി.പി കൂടുക, ശ്വാസതടസമുണ്ടാവുക, പേടിയോ പരിഭ്രമമോ ഒക്കെ അനുഭവപ്പെടുക, ക്ഷീണം തോന്നുക, ഉത്കണ്ഠയുണ്ടാവുക, നിരാശയോ സങ്കടമോ തോന്നുക- ഇതെല്ലാം ‘നോമോഫോബിയ’യുടെ ലക്ഷണമാണ്. മൊബൈല്‍ ഫോണിന്റെ അഭാവത്തില്‍, ആ സമയത്തോടുണ്ടാകുന്ന ഭയത്തെയാണ് ‘നോമോഫോബിയ’ എന്ന് വിളിക്കുന്നത്.
ധാരാളം ചെറുപ്പക്കാരില്‍ ‘നോമോഫോബിയ’യുടെ ലക്ഷണങ്ങള്‍ കാണാനാകുന്നുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്വയം ഒരു ‘അഡിക്ഷന്‍’ തോന്നുന്നതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ പരിമിതപ്പെടുത്തുക എന്നത് മാത്രമാണ് ഇതിനുള്ള ആരോഗ്യകരമായ പ്രതിരോധം. സ്വയം ഇത് തിരിച്ചറിയാനാകുന്നില്ല എങ്കില്‍ പ്രിയപ്പെട്ടവരോ എപ്പോഴും കൂടെയുള്ളവരോ ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണെങ്കില്‍ അത് മുഖവിലയ്‌ക്കെടുക്കുകയും ആവാം. എന്തായാലും പുതിയ കാലത്തിന്റെ ഒരു ‘ഫോബിയ’ എന്ന നിലയ്ക്ക് ‘നോമോഫോബിയ’ ഏറെ ശ്രദ്ധ നേടുകയാണ്. കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും ഇതിനെച്ചൊല്ലി ഇനിയുണ്ടാകുമെന്ന് തന്നെയാണ് ഈ ‘മൊബൈല്‍’ യുഗത്തില്‍ പ്രതീക്ഷിക്കാനാവുക