എറണാകുളം റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നിന്നെത്തിച്ച മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് പഴകിയ മീൻ പിടികൂടി. 100 കിലോ പഴകിയ മീനാണ് ശക്തൻ മാർക്കറ്റിൽ നിന്നും പിടികൂടിയത്. ചൂര, ഏട്ട, വറ്റ എന്നീ മൂന്ന് മീനുകളുടെ സാമ്പിളെടുത്ത്, അരമണിക്കൂർ നീണ്ട പരിശോധനയ്ക്കു ശേഷം മീൻ പഴക്കമുള്ളതാണെന്ന് സ്ഥിരീകരിച്ച് നശിപ്പിക്കുകയായിരുന്നു.
ഭക്ഷ്യസുരക്ഷാ ഫിഷറീസ് ആരോഗ്യ വിഭാഗങ്ങൾ എന്നിവ സംയുക്തമായാണ് ശക്തൻ മാർക്കറ്റിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മീനിൽ രാസവസ്തുക്കൾ ചേർത്തിട്ടില്ല എന്ന് കണ്ടെത്തി. രാസവസ്തുക്കൾ ചേർത്തിട്ടില്ലെങ്കിലും മീൻ അഴുകിയ നിലയിലായിരുന്നു.
രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ തുടരുന്നതിനാൽ കഴിഞ്ഞ ദിനങ്ങളിലായി കിലോക്കണക്കിന് പഴകിയ മീനുകളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.മീനുകളിലെ മായം കണ്ടെത്താനുള്ള റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥ മുതലെടുത്ത് ഭക്ഷ്യയോഗ്യമല്ലാത്ത മീനുകൾ വിപണിയിലെത്തുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പെട്ടെന്ന് തന്നെ പരിശോധിച്ച് ഫലം നിർണയിക്കാനുതകുന്ന മൊബൈൽ ലാബ് ജില്ലയിൽ എത്തിച്ചത്.

You must be logged in to post a comment Login