മിസ് ഇംഗ്ലണ്ട് പട്ടത്തേക്കാള്‍ വലുത് മനുഷ്യജീവന്‍; തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങി മിസ് ഇംഗ്ലണ്ട്

0
107

ലണ്ടന്‍: 2019ലെ മിസ് ഇംഗ്ലണ്ട് പട്ടം ചൂടിയ ഇന്ത്യക്കാരി, പ്രൊഫഷന്‍ ഡോക്ടര്‍, പാഷന്‍ ചാരിറ്റി പ്രവര്‍ത്തനം, അതിന്റെ ഭാഗമായി ലോകമെമ്പാടും ചുറ്റുന്നു. 24 കാരിയായ ഭാഷാ മുഖര്‍ജി തന്റെ ആഗ്രഹങ്ങളെല്ലാം സഫലീകരിക്കുന്നതിനിടെയാണ് ഇനി തന്റെ ആ്രഗഹങ്ങള്‍ക്കപ്പുറം ചില കടമകളും ചെയ്ത് തീര്‍ക്കാനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ഭാഷ കൊറോണ രോഗികളെ പരിചരിക്കാനായി തിരികെ യുകെയില്‍ എത്തി തന്റെ ജോലിയില്‍ പ്രേവശിക്കാന്‍ ഒരുങ്ങുകയാണ്. കല്‍ക്കത്ത യില്‍ ജനിച്ചുവെങ്കിലും ഭാഷ യുകെയിലാണ് താമസിക്കുന്നത്.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ സമയത്താണ് ലണ്ടനിലെ സ്ഥിതി വഷളാകുന്നതായി സുഹൃത്തുക്കള്‍ വഴി അറിയുന്നത്. അതുപ്രകാരം ബുധനാഴ്ച തിരികെ വീട്ടിലെത്തി. ഇനി രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം തിരികെ ജോലിയില്‍ പ്രവേശിക്കും. തല്‍ക്കാലം ചാരിറ്റി പ്രവര്‍ത്തനങ്ങളും മാറ്റിവയ്ക്കുകയാണെന്ന് ഭാഷ പറഞ്ഞു. ‘തിരികെ ജോലിയില്‍ പ്രേവേശിക്കുന്നതിനെ കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല, സുഹൃത്തുക്കളായ ഡോക്ടമാര്‍ രാപകലില്ലാതെ ജോലി ചെയ്യുകയാണ്. അവര്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നു. മിസ് ഇംഗ്ലണ്ട് കിരീടം ചൂടി വീട്ടില്‍ ഇരിക്കേണ്ട സമയമല്ല ഇതെന്നും തിരിച്ചറിയുന്നു’. എന്ന് മിസ് ഇംഗ്ലണ്ട് പറഞ്ഞു.

യുകെയിലെ പില്‍ഗ്രിം ഹോസ്പിറ്റലിലാണ് ഭാഷ ജോലി ചെയ്യുന്നത്. 780ലേറെ കോവിഡ് മരണങ്ങള്‍ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. 50000ലേറെ രോഗബാധിതരാണ് ഇപ്പോള്‍ ഇവിടെയുള്ളത്.