” ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി മില്‍മ ഉത്പന്നങ്ങളുടെ കവറുകള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കി കോട്ടയം ജില്ല. ഹരിതകര്‍മ്മസേന വഴി ശേഖരിക്കുന്ന കവറുകള്‍ സര്‍ക്കാര്‍ ചുതമലപ്പെടുത്തിയിട്ടുള്ള ക്ലീന്‍ കേരള കമ്പനി നിശ്ചിത പ്രതിഫലം നല്‍കി ഏറ്റെടുത്ത് ശാസ്ത്രീയ പുനഃചംക്രമണത്തിനയക്കും.
പഞ്ചായത്തുകളിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍നിന്നാകും(എം.സി.എഫ്) കമ്പനി കവറുകള്‍ ശേഖരിക്കുക. ഒരു ദിവസം കോട്ടയം ജില്ലയില്‍ മില്‍മ ഉത്പന്നങ്ങളുടെ ഒന്നര ലക്ഷം കവറുകളാണ് പുറന്തള്ളപ്പെടുന്നത്.
പുറന്തള്ളുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണ്ട ഉത്തരവാദിത്വം ഖരമാലിന്യ സംസ്കരണ നിയമപ്രകാരം ഉത്പാദകര്‍ക്കുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇത് പാലിക്കണമെന്ന് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ നിര്‍ദേശവുമുണ്ട്. ഇതനുസരിച്ചാണ് മില്‍മ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയിലെത്തിയിട്ടുള്ളത്.
ആദ്യ ഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പാക്കുന്നതിന് മില്‍മയുടെ മേഖലാ യൂണിറ്റുകളുടെ പരിധിയിലെ ഓരോ ജില്ലയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എറണാകുളം മേഖലാ യൂണിറ്റില്‍ നിന്ന് തിരഞ്ഞെടുത്തിട്ടുള്ളത് കോട്ടയം ജില്ലയെയാണ്.
നിലവില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി(ആര്‍.ആര്‍.എഫ്) മുഖാന്തിരമാണ് ക്ലീന്‍ കേരള കമ്പനി മാലിന്യങ്ങള്‍ പുനഃചംക്രമണത്തിനായി അയയ്ക്കുന്നത്.
കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പള്ളം, പാമ്പാടി, ളാലം എന്നീ ബ്ലോക്കുകളിലാണ് ആര്‍.ആര്‍.എഫുകളുള്ളത്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുവേണ്ടി ക്ലീന്‍ കേരള കമ്പനി നടത്തുന്ന ആര്‍.ആര്‍.എഫുകളിലാണ് എം.സി.എഫുകളില്‍നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ പാഴ് വസ്തുക്കള്‍ തരം തിരിച്ച് പുനഃചംക്രമണത്തിന് അയയ്ക്കുകയും പുനഃചംക്രമണ യോഗ്യമല്ലാത്തവ ഷ്രെഡ് ചെയ്ത് ടാറിംഗിന് നല്‍കുകയും ചെയ്യുന്നത്.
നിലവില്‍ തരംതിരിക്കാത്ത 100 ടണ്‍ പ്ലാസ്റ്റിക്കും ഷ്രെഡ് ചെയ്ത 25 ടണ്‍ പ്ലാസ്റ്റിക്കും ആര്‍.ആര്‍.എഫുകളിലുണ്ട്. മില്‍മയുടേതുള്‍പ്പെടെ ഒന്നര ടണ്‍ തരംതിരിച്ച പാല്‍ കവറുകളും കമ്പനിയുടെ പക്കലുണ്ട്.
ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ജില്ലയില്‍ ശേഷിക്കുന്ന 36 പഞ്ചായത്തുകളില്‍ എം.സി.എഫ് സ്ഥാപിക്കുന്നതിനും ഹരിത കര്‍മ്മ സേനയുടെ പ്രവർത്തനം ആരംഭിക്കുന്നതിനും നടപടികള്‍ ഊര്‍ ജിതമാക്കും.
ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും സ്ഥലപരിമിതി മറികടക്കാന്‍ ജില്ലാതലത്തില്‍ ആര്‍.ആര്‍.എഫ് ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുഖേന പ്ലാസ്റ്റിക്കിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ചും ജില്ലയില്‍ നിലവിലുള്ള സംസ്കരണ സംവിധാനങ്ങളെക്കുറിച്ചും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ പരിപാടികള്‍
നടത്താനും യോഗം തീരുമാനിച്ചു.
ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രമേശ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറ്ടര്‍ കേശവന്‍ നായര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, മില്‍മ കോട്ടയം ഡയറി മാര്‍ക്കറ്റിംഗ് മാനേജര്‍ എ.ജെ. ജോര്‍ജ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു ”

You must be logged in to post a comment Login