ലോകത്ത് ദിനംപ്രതി കോവിഡ് 19 ഭീതി ജനിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി മൂലം ലോകത്തിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടനെ തിരികെയെത്തിക്കാൻ സാധിക്കില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇപ്പോൾ യാത്ര അനുവദിച്ചാൽ, കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള യാത്രാവിലക്കിന് വിരുദ്ധമായി മാറും. അതുകൊണ്ടുതന്നെ പ്രവാസികൾ ഇപ്പോൾ ഉള്ളത് എവിടെയാണോ അവിടെ തന്നെ സുരക്ഷിതമായി തുടരാനാണ് സുപ്രീം കോടതിയുടെ നിർദേശം.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് നിലപാട് അറിയിച്ചിരിക്കുന്നത്. രാജ്യത്ത് സമ്പൂർണ ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഹർജികൾ നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചു. വിദേശത്തു നിന്ന് എത്തുന്നവരിലൂടെ രോഗം വ്യാപകമായി പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടള്ളത്.
പല വിദേശ രാജ്യങ്ങളിലും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെയൊക്കെ ഉടനെ തിരികെ എത്തിച്ചാൽ രോഗം വ്യാപനത്തിന് കാരണമാകും. പ്രവാസികളെ തിരിച്ചു നാട്ടിൽ എത്തിക്കുന്നത് പ്രായോഗികമാക്കാൻ കഴിയില്ല. എന്നിരുന്നാൽ കൂടിയും പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഹർജിയിൽ പ്രതിപാദിച്ചിരിക്കുന്ന ആവശ്യങ്ങൾ കോടതി പൂർണമായി തള്ളിയിട്ടില്ല.

You must be logged in to post a comment Login