കൊച്ചി: കൊറോണ വൈറസ് ഭീതിക്കിടെ ഇന്ന് പെസഹ വ്യാഴം. കുരിശുമരണത്തിനു മുമ്പ് ശിഷ്യന്‍മാര്‍ക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് ലോകം.
ക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ നാളെ ദുഃഖവെള്ളി ആചരിക്കും. നഗരികാണിക്കല്‍ പ്രദക്ഷിണം, കുരിശിന്റെ വഴി എന്നിവ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകില്ല. ദേവാലയങ്ങളിലെ പാതിരാ കുര്‍ബാന ഒഴിവാക്കിയിട്ടുണ്ട്.
പെസഹാ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ രാവിലെ ദിവ്യബലിയും തിരുകര്‍മ്മങ്ങളും നടന്നു. പള്ളികള്‍ അടച്ചിട്ടായിരുന്നു ചടങ്ങുകള്‍. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിലൂടെ വീട്ടിലിരുന്ന് വിശ്വാസികള്‍ പങ്കാളികളായി.
അഞ്ച് പേര്‍ മാത്രമാണ് പള്ളികളില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തത്. കാല്‍കഴുകല്‍ ശുശ്രൂഷയും പൊതു ആരാധനയ്ക്ക് ശേഷം ദേവാലയങ്ങളില്‍ നടക്കാറുള്ള പെസഹ ഊട്ടും അപ്പം മുറിക്കലും മുന്‍ നിശ്ചയപ്രകാരം ഒഴിവാക്കി. വീടുകളിലെ അപ്പം മുറിയ്ക്കല്‍ വീട്ടുകാര്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹാ തിരുകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു.
അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും താഴത്തെ പള്ളിയിലും പെസഹാ തിരുകര്‍മ്മങ്ങള്‍ നടന്നു.

You must be logged in to post a comment Login